ഡൽഹി: പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് നിർണായക യോഗങ്ങൾ വിളിച്ചു. നാല് മണിക്കൂറിനിടെ നടക്കുന്ന മൂന്ന് യോഗത്തിലും വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് മൂന്ന് യോഗങ്ങളെയും രാജ്യം ഉറ്റുനോക്കുന്നത്
രാവിലെ 9 മണിക്ക് രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്ന പതിവ് അവലോകന യോഗമുണ്ടാകും. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ, ഓക്സിജൻ വിതരണവും വിലയിരുത്തും. കഴിഞ്ഞ 24 മണിക്കൂറിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.
10 മണിക്ക് കോവിഡ് അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.
ഉച്ചക്ക് 12.30ന് രാജ്യത്തെ പ്രമുഖ ഓക്സിജൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post