മലപ്പുറം: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്നും കുമ്മനം ചോദിച്ചു. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാൻ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. 2021 ൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുത്.
മലബാര്‍ ലഹളയുടെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയ്യാറാകണം.
ജനരക്ഷാ യാത്രയ്ക്കിടെ ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.