കൊച്ചി: അധ്യാപകദിനം ആത്മവിമര്‍ശനത്തിനും ആത്മീയവികാസത്തിനും വേണ്ടിയുള്ള ദിനമായി കരുതണമെന്ന് ആർ എസ് എസ് അഖില ഭാരതീയ മുൻ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി. അധ്യാപനം തൊഴിലല്ല, സംസ്‌കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീച്ചിര്‍ക്ക് ട്രേഡ് യൂണിയനില്‍ മെമ്പറാകാം, എന്നാല്‍ ടീച്ചിങ് ഒരു ട്രേഡാണെന്ന ഭാവമുണ്ടാകാന്‍ പാടില്ല. ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സംഘടിപ്പിച്ച അധ്യാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകന്‍, മാനേജര്‍, രക്ഷാകര്‍ത്താവ്, വിദ്യാര്‍ത്ഥി എന്നീ നാല് ഘടകങ്ങള്‍ ചേരുന്ന സ്ഥാപനമാണ് ഇന്നത്തെ സമ്പ്രദായം. അധ്യാപകര്‍ പണി മുടക്കിയാല്‍ കഷ്ടപ്പെടുന്നത് വിദ്യാര്‍ഥികളാണ്. കുട്ടിയുടെ മനസ്സിലേക്കിറങ്ങി അവരിലേക്ക് ശക്തി പകരുന്നതിന് അധ്യാപകര്‍ തയ്യാറാവുമ്പോഴാണ് ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയകാലത്തെ സമ്പ്രദായങ്ങള്‍ കൊണ്ടുവന്ന മറ്റൊരു ദോഷമാണ് ലക്ഷങ്ങള്‍ നല്‍കി അധ്യാപകജോലിക്ക് പ്രവേശിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് കൊടുത്ത പണം മുതലാക്കണം എന്ന മനോഭാവം ചിലര്‍ക്കെങ്കിലുമുണ്ടാകും. അത്തരം പ്രവണതകള്‍ കുട്ടികളെയാണ് ദോഷകരമായി ബാധിപ്പിക്കുന്നത്.
ആദ്യ കാലങ്ങളില്‍ ഒരു ഗുരു, അനേകം ശിഷ്യര്‍ എന്നതായിരുന്നു രീതി. പിന്നീട് അത് ഗുരുകുലമായി. വസിഷ്ഠനും വിശ്വാമിത്രനുമൊക്കെ കുലപതിമാരായിരുന്നു. സ്‌കൂള്‍ കാലത്തേക്ക് വന്നപ്പോള്‍ ഗുരുക്കന്മാരും ശിഷ്യരും സ്‌കൂളിലേക്ക് വരികയും അവരവരുടെ വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന രീതിയായി. ജാതിനിഷ്ഠ വിദ്യാഭ്യാസത്തില്‍ നിന്ന് ജനനിഷ്ഠ വിദ്യാഭ്യാസത്തിലേക്ക് കാര്യങ്ങള്‍ മാറി. വിദ്യാഭ്യാസത്തിന്റെ വിശ്വവ്യാപകമായ സാര്‍വത്രികതയാണ് അതിന് കാരണമായത്. ഇരുട്ടിനെ അകറ്റുന്ന വെളിച്ചമാണ് ഗുരു. അറിവിനെ കുട്ടികള്‍ക്ക് ചൂണ്ടിക്കാണിക്കുകയാണ് ഗുരു ചെയ്യുന്നത്. അന്തക്കരണവികാസമാണ് ദൗത്യം. ഇതാണ് അധ്യാപകവൃത്തിയുടെ തത്വമാകേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post