കൊച്ചി: ജില്ലാ മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് മന്ത്രി പി. രാജീവ്. മാപ്പിളക്കലാത്തെ വെള്ളപൂശാന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നടക്കാനാണ് കളമശ്ശേരി ഞാലകം ജമാ അത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ മന്ത്രിയെത്തിയത്.
മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും സമരക്കാരുടെ പേരുകള്‍ ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ദേശസ്‌നേഹികളും ധീരരക്തസാക്ഷികളുമാണ് ഖിലാഫത്ത് സമരക്കാര്‍. സാമ്രാജ്യത്തത്തിനും ജന്മിത്തത്തിനുമെതിരായിരുന്നു സമരമെന്നും കലാപത്തിന്റെ നാല്‍പതാം വാര്‍ഷികവേളയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ.കെ. ഗോപാലന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
പരിപാടിയില്‍ ജില്ലാ ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ അദ്ധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ.എംഐ. ജുനൈദ് റഹ്മാന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പി.കെ. സുലൈമാന്‍ മൗലവി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി ചിത്രീകരിക്കുന്ന ബഹുജനക്കൂട്ടായ്മകളുടെ തുടക്കമായിട്ടാണ് പരിപാടി നടന്നത്. താലൂക്ക്, മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില്‍ ‘മലബാര്‍ സ്വാതന്ത്ര്യസമരരക്തസാക്ഷി’കളുടെ ശിലാഫലകങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഗ്രാമീണസദസ്സുകള്‍ വിളിച്ചും പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന ജുമുഅ പ്രഭാഷണങ്ങളിലൂടെയും ബഹുജനശ്രദ്ധ ക്ഷണിക്കണമെന്നും ജമാഅത്ത്കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post