ന്യൂദല്‍ഹി: മനസ്സ് നിറയ്ക്കുന്ന സമ്മാനങ്ങളുമായി എത്തിയ പ്രധാനമന്ത്രി മോദിക്ക് കമലാഹാരിസിന്റെ നന്ദി. കമലയുടെ മുത്തച്ഛന്റെ കുറിപ്പുകളും വരാണസിയില്‍ നിര്‍മ്മിച്ച മിനാകരി ചെസ് സെറ്റുമാണ് അമേരിക്കന്‍ വൈസ്പ്രസിഡന്റിന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. തടി ഫ്രെയിമില്‍ അലങ്കരിച്ച മുത്തച്ഛന്‍ പി.വി. ഗോപാലന്റെ പഴയ കുറിപ്പുകള്‍ കണ്ട് കമലാഹാരിസ് അത്ഭുതം കൂറി. കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ക്കൊപ്പം അമേരിക്കയിലേക്ക് പോയ കമലയ്ക്ക് മുത്തച്ഛനൊപ്പമുള്ള ബാല്യത്തിന്റെ ഓര്‍മ്മകളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കിയത്.
സാംബിയയിലെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു കമലയുടെ മുത്തച്ഛന്‍ പി.വി. ഗോപാലന്‍. റൊഡേഷ്യയില്‍ നിന്ന് അഭയാര്‍ത്ഥികളുടെ വരവ് കൈകാര്യം ചെയ്യുന്നതിന് സാംബിയയെ സഹായിക്കാന്‍ ഇന്ത്യ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ലോകത്തില്‍ത്തന്നെ എനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയായിരുന്നു എന്റെ മുത്തച്ഛനെന്ന് അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1960കളില്‍ സാംബിയയിലെ ലുസാക്കയിലെ വീട്ടില്‍ മുത്തച്ഛനോടൊപ്പമാണ് കമല കുട്ടിക്കാലം കഴിച്ചത്.
പിങ്ക് ഇനാമലിന്റെ വിസ്മയം ജനിപ്പിക്കുന്ന മിനാകരി കരകൗശലവിദ്യയുടെ അടയാളമായാണ് വാരാണസിയില്‍ നിന്നുള്ള ചെസ് സെറ്റിന്റെ പ്രത്യേകത. കാശിയുടെ തിളങ്ങുന്ന നിറങ്ങള്‍ ചേര്‍ത്താണ് കരുക്കളുടെ നിര്‍മ്മിതി.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് മോദി സമ്മാനിച്ചത് പിങ്ക് സില്‍വര്‍ ഇനാമല്‍ഡ് കപ്പലാണ്. കരകൗശലവസ്തുക്കളുടെയും കൊത്തുപണികളുടെയും ഒരു പ്രത്യേക മാതൃകയാണ് ഈ കപ്പല്‍. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് ചന്ദനത്തില്‍ തീര്‍ത്ത ബുദ്ധ പ്രതിമയായിരുന്നു സമ്മാനം. ഭാരതത്തെയും ജപ്പാനെയും ഒന്നിപ്പിക്കുന്നതില്‍ ബുദ്ധമതദര്‍ശനത്തിന്റെ അടയാളമായാണ് ഭഗവാന്‍ ബുദ്ധന്റെ പ്രതിമ.
Discussion about this post