ബീജിങ്: തിബത്തന്‍ഭാഷയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന. പരമ്പരാഗത തിബത്തന്‍ ഭാഷയ്ക്ക് പകരം മാന്‍ഡാരിന്‍ പഠിപ്പിച്ചാല്‍ മതിയെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ക്ക് ക്ലാസ്‌റൂം പാഠഭാഗങ്ങള്‍ പൂര്‍ണമായും മന്ദാരിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അടുത്തിടെയാണ് ചൈന ഉത്തരവിട്ടത്. ബുദ്ധസന്യാസിമാരോടും പരസ്പരമുള്ള ആശയവിനിമയം മന്ദാരിന്‍ഭാഷയിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിബത്തന്‍ഭാഷയെ ഇല്ലാതാക്കി ചൈനീസ് അധിനിവേശം സമ്പൂര്‍ണമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍. തിബത്തന്‍ സംസ്‌കാരത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനുവേണ്ടിയാണ് ചൈന ഭാഷയ്ക്കുമേലും പിടിമുറുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തിടെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ബുദ്ധവിഹാരങ്ങള്‍ ഭരണകൂടം അടച്ചുപൂട്ടിച്ചിരുന്നു. വിദേശഫണ്ട് ക്രമക്കേട് ആരോപിച്ച് ഇവിടെ റെയ്ഡ് ചെയ്യുകയും അടച്ചിടാന്‍ ഉത്തരവിടുകയുമായിരുന്നു.











