ന്യൂദല്‍ഹി: ഭാരതീയ സാംസ്കാരിക പൈതൃകം പുനഃസ്ഥാപിക്കുന്നതിനുമുള്ള തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുരാതനമായ മൂന്ന് ശില്പങ്ങള് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) തമിഴ്നാട് പോലീസിന്റെ ഐഡല്‍ വിംഗ് സിഐഡിക്ക് കൈമാറി. അമേരിക്കയിലെ സ്മിത്സോണിയന് മ്യൂസിയത്തിലും നതര്ലന്ഡ്സിലെ ഹേഗിലും സൂക്ഷിച്ചിരുന്ന മൂന്ന് വെങ്കല ശില്പങ്ങളാണ് ന്യൂദല്‍ഹി ഹെറിറ്റേജ് ബില്‍ഡിങ്ങില്‍ വച്ച് കൈമാറിയത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ സോമസ്കന്ദ പ്രതിമ 1959ല്‍ തഞ്ചാവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി ആലത്തൂരിലുള്ള ശ്രീ വിശ്വനാഥ ശിവക്ഷേത്രത്തില്‍ നിന്ന് നഷ്ടമായതാണ്. 1956ല്‍ തമിഴ്നാട്ടിലെ കല്ലക്കുറിച്ചി താലൂക്കിലെ വീരചോളപുരത്തെ ശ്രീ നരീശ്വര ശിവക്ഷേത്രത്തില്‍നിന്ന് നഷ്ടമായ വിജയനഗര കാലഘട്ടത്തിലെ പറവൈ നാച്ചിയാര്‍ പ്രതിമയാണ് മറ്റൊന്ന്. ഇത് രണ്ടും അമേരിക്കയിലെ സ്മിത്സോണിയന് മ്യൂസിയത്തില്‍ നിന്ന് വീണ്ടെടുത്തത്. നാഗപട്ടണം ജില്ലയിലെ തിരുപ്പുഗലൂരിലുള്ള അരുള്‍മിഗു അഗ്നിശ്വരസ്വാമി ക്ഷേത്രത്തിലുണ്ടായിരുന്ന ചോള കാലഘട്ടത്തിലെ കണ്ണപ്പ നായനാര്‍ പ്രതിമ നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ നിന്നാണ് മടക്കിക്കൊണ്ടുവന്നത്.
പുരാവസ്തുക്കളുടെ ഔപചാരിക കൈമാറ്റം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ യദുബീര്‍ സിംഗ് റാവത്തും മറ്റ് എഎസ്ഐ പ്രതിനിധികളും ചേര്‍ന്ന് നിര്‍വഹിച്ചു.















