കൊച്ചി: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ആസൂത്രിതമായി ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നും ഇതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍ പ്രവര്‍ത്തിച്ചോ എന്നും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സ്ലോട്ട് കിട്ടാത്തവര്‍ക്ക് നിലവില്‍ സ്പോട്ട് ബുക്കിങ് നടത്തി ദര്‍ശനം നടത്താം. ഇപ്പോള്‍ നിലയ്ക്കലില്‍ പതിനായിരത്തിലേറെ പേര്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താമെന്നിരിക്കേ മൂവായിരത്തില്‍ താഴെ ഭക്തര്‍ മാത്രമാണ് ശരാശരി എത്തുന്നത്. ബുക്കിങ്ങില്‍ വേണ്ടി വരുന്ന സമയം ഭക്തര്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്നുണ്ട്. ഓരോ ഭക്തന്റേയും ഡാറ്റ രേഖപ്പെടുത്തി ഫോട്ടോ കൂടി എടുത്ത് ആണ് ബുക്കിങ് നടപടി പൂര്‍ത്തിയാക്കുന്നത്. ഈ കാല താമസം ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ഏറ്റുമാനൂര്‍, പമ്പ എന്നിവിടങ്ങളില്‍ കൂടി സ്പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തണം.
നിലയ്ക്കലില്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്നും ഭക്തരെ നിലയ്ക്കല്‍ ബസ്സ്റ്റാന്‍ഡിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആര്‍ടിസി ഓരോ ഭക്തനില്‍ നിന്നും 10 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കണം. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് നിലയ്ക്കല്‍ – പമ്പ സര്‍വീസ് നടത്തുന്നതെന്നിരിക്കേ വീണ്ടും അവരെ പിഴിയുന്ന സമീപനം അനീതിയാണ്. മുഖ്യ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന നിലയ്ക്കലിലെ അന്നദാന ഹാളില്‍ ഒരേസമയം 48 പേര്‍ക്ക് മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാനാവുകയുള്ളൂ. പതിനായിരക്കണക്കിന് അയ്യപ്പന്മാരെത്തുന്ന നിലയ്ക്കലിലെ സ്ഥിതിയാണിത്. ഭക്തര്‍ക്ക് വിരിവയ്ക്കാനും ഹാളില്‍ ഫാന്‍ സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല.
പമ്പയിലെ ത്രിവേണിയില്‍ വാഹന പാര്‍ക്കിങ്ങിന് വേണ്ട സൗകര്യമൊരുക്കണം. സന്നിധാനത്ത് നിന്ന് ആംബുലന്‍സ് സൗകര്യം ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. മാത്രമല്ല പമ്പയില്‍ നിന്നും സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ ഭക്തരെ കൊള്ളയടിക്കുകയാണ്.
ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബുവിന്റെ നേതൃത്വത്തില്‍ എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നേരിട്ട് ബോദ്ധ്യപ്പെട്ട വിഷയങ്ങള്‍ ശബരിമല സ്പെഷല്‍ കമ്മിഷണറേയും സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന എഡിഎമ്മിനേയും ധരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി പി.വി. മുരളീധരന്, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ബിന്ദു മോഹന്‍, പത്തനംതിട്ട ജില്ല അധ്യക്ഷന്‍ ജയദേവന്, സതീഷ് കുമാര്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.














