അഗര്‍ത്തല: ത്രിപുര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരില്ലാതെ വിജയം. ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി ഭരണം നേടി. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 20 തദ്ദേശ സ്ഥാപനങ്ങളിലെ 334 സീറ്റുകളില്‍ 112 സീറ്റുകളിലും പാര്‍ട്ടിക്ക് എതിരില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത്, ജിഹാദി കൂട്ടുകെട്ടുകള്‍ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് 34 ശതമാനം സീറ്റുകളിലും ബിജെപി ഏകപക്ഷീയ വിജയം കൊയ്തത്.
നോര്‍ത്ത് കമാല്‍പൂര്‍, ജിരാനിയ, റാണിര്‍ ബസാര്‍, മോഹന്‍പൂര്‍, പശ്ചിമ ത്രിപുരയിലെ ബിഷാല്‍ഗഡ്, തെക്കന്‍ ത്രിപുരയിലെ ശാന്തിര്‍ ബസാര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണം നേടിയത്.
ശേഷിക്കുന്ന 222 സീറ്റുകളിലേക്ക് നവംബര്‍ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 785 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വോട്ടെണ്ണല്‍ 28ന് നടക്കും. സന്തിര്‍ബസാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരമില്ലാതെ ബിജെപി വിജയിച്ചതായി പ്രഖ്യാപിച്ചു. ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും രാഷ്ട്രീയപാര്‍ട്ടികളൊന്നും പത്രിക നല്‍കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണിത്. അഗര്‍ത്തല മുനിസിപ്പാലിറ്റിയില്‍ നാല് സിപിഎം സ്ഥാനാര്‍ത്ഥികളടക്കം എട്ടുപേരാണ് പത്രിക പിന്‍വലിച്ചത്.
Discussion about this post