തൃശ്ശൂര്‍ : രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്കി കേരള ലളിതകലാ അക്കാദമി. സംസ്ഥാന തല കാര്‍ട്ടൂണ്‍ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ കോവിഡ് ഗ്‌ളോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന കാര്‍ട്ടൂണാണ് ആക്ഷേപത്തിനിടയാക്കിയിട്ടുള്ളത്.
കോവിഡ് നേരിടാനുള്ള ആഗോള പ്രതിനിധികളുടെ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പശു പങ്കെടുക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇംഗ്ളണ്ട്, ചൈന, യു.എസ്.എ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ‘കാവി ധരിച്ച പശുവിനെ’ ചിത്രീകരിച്ചതാണ് കാര്‍ട്ടൂണ്‍. രാഷ്ട്രീയ വിമര്‍ശനത്തേക്കാളുപരി ഇത് രാജ്യത്തെ അപമാനിക്കലാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അക്കാദമി പ്രതിക്കൂട്ടിലായി.
എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധാകൃഷ്ണനാണ് ഇത് വരച്ചത്. കാര്‍ട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഈ കാര്‍ട്ടൂണ്‍ താന്‍ കണ്ടിട്ടില്ലെന്നും പുരസ്‌കാരം നല്കാനുള്ള തീരുമാനം ഉണ്ണിയുടേതായിരുന്നുവെന്നും അക്കാദമി സെക്രട്ടറി പി.വി.ബാലന്‍ ജന്മഭൂമിയോട് പറഞ്ഞു. ജൂറിയുടെ തീരുമാനം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അക്കാദമി ചെയര്‍മാന്‍ മേനം പുഷ്പരാജ് പറഞ്ഞത്. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ല എന്നും നേമം പുഷ്പരാജ് പ്രതികരിച്ചു.
അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി ബാലനും ജൂറി അംഗങ്ങളാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാര്‍ട്ടൂണുകള്‍ അക്കാദമി പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം വരച്ചയാള്‍ തന്നെ ഫേസ്ബുക്കില്‍ ഇത് പോസ്റ്റ് ചെയ്തതോടെയാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്.
അക്കാദമിയുടെ നടപടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നതെന്നും സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
സമൂഹ മാധ്യമങ്ങളില്‍ അനൂപ് രാധാകൃഷ്ണന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. കോവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ച രാജ്യമാണ് ഇന്ത്യ. രണ്ട് വാക്‌സിനുകള്‍ സ്വന്തമായി വകസിപ്പിക്കുകയും നൂറുകോടിയിലേറെപ്പേര്‍ക്ക് വാക്‌സിന്‍ നല്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യുകയും ചെയ്തു.
അനുപ് രാധാകൃഷ്ണനും ഇ.പി.ഉണ്ണിയും ഇവരുടെ മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും എല്ലാം ഈ വാക്‌സിന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ വരച്ചത് നെറികേടെന്നാണ് വിമര്‍ശനമുയരുന്നത്. വിമര്‍ശനങ്ങള്‍ ഏറിയതോടെ അനൂപ് പ്രൊഫൈല്‍ ലോക്ക് ചെയ്തു. ലളിതകലാ അക്കാദമിയുടെ നിലപാടിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ ഇടയില്‍ പിറന്നനാടിനെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിന് നല്കിയ പുരസ്‌കാരം അക്കാദമി പിന്‍വലിക്കണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം അക്കാദമി അവാര്‍ഡ് നല്കിയ, ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേന്ദ്രകഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രൈസ്തവ ചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കെ.സി.ബി.സി രംഗത്ത് വന്നിരുന്നു. അവാര്‍ഡ് പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ അക്കാദമിയോട് നിര്‍ദേശിച്ചുവെങ്കിലും തീരുമാനം മാറ്റിയില്ല. ഇതിന് പിന്നാലെയാണ് വീണ്ടും കാര്‍ട്ടൂണ്‍ വിവാദമുയരുന്നത്. പ്രഖ്യാപിച്ച അവാര്‍ഡ് പിന്‍വലിച്ച് മാപ്പ് പറയണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post