നാഗ്പൂര്‍: സൂര്യസമാനമായ തപസ്സിന്റെ ഉടമകളാകാന്‍ നിത്യേനയുള്ള സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. വിഷ്ണുവിനെ പൂജിച്ച് വിഷ്ണുവായി തീരുകയെന്നതുപോലെയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര യജ്ഞത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും ഒരേ സമയത്ത് കോടിക്കണക്കിനാളുകളാണ് ഇന്നലെ സൂര്യനമസ്‌കാര യജ്ഞത്തില്‍ പങ്കാളികളായത്.
സ്വത്വ തപസ്സാണ് സൂര്യന്‍ നടത്തുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. ലോകത്തെയാകെ കര്‍മ്മശീലരാക്കുന്ന തപസ്സ്. ഒറ്റച്ചക്രമുള്ള തേരിലാണ് സൂര്യഭഗവാന്‍ ഈ തപസ് നിത്യേന നടത്തുന്നത്. ഏഴാണ് കുതിരകള്‍. തേരാളിയാകട്ടെ കൈകാലുകളില്ലാത്ത ആളും. പ്രപഞ്ചത്തെയാകെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മഹാതപസ് നിത്യന ചെയ്യുന്നതാണ് സൂര്യഭഗവാന്റെ മഹത്വം. സൂര്യനമസ്‌കാരം ഭാരതത്തിന്റെ സ്വഭാവമാണ്. ഭാസില്‍(പ്രകാശത്തില്‍) ചരിക്കുന്നവരാണ് ഭാരതീയരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രഥസപ്തമിയില്‍ സൂര്യനമസ്‌കാരയജ്ഞത്തെ നിമിത്തമാക്കി നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ഇത്രയധികം ആളുകള്‍ ഒരേ കാര്യം ചെയ്യുന്നുവെന്നത് ലോക റിക്കാര്‍ഡായേക്കാം. സത്യത്തിലേക്കും മോക്ഷത്തിലേക്കുമുള്ള കവാടം ഇതുവഴി തുറക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ അത് ഒരിക്കല്‍ ചെയ്ത് ഉപേക്ഷിക്കാനുള്ളതല്ല. എല്ലാ ദിവസവും കൃത്യതയോടെ നിയമിത രൂപത്തില്‍ ചെയ്യേണ്ട യജ്ഞമാണത്.
സൂര്യനമസ്‌കാരയജ്ഞത്തെക്കുറിച്ച് പരിഹാസങ്ങള്‍ ചൊരിയുന്നവരുണ്ടാകും. അത് ആര് പരിഗണിക്കാനാണ്. നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്ത് തന്നെ മുന്നോട്ടുപോകണം. പശുക്കിടാവിനെ തോളിലേറ്റ പോയ ആളോട് മോഷ്ടാക്കള്‍ പല തവണ അത് നായ്ക്കുട്ടിയാണെന്ന് പറഞ്ഞപ്പോല്‍ അദ്ദേഹം സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാതെ അതിനെ ഉപേക്ഷിച്ചുപോയി. ധാരണകളില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് അങ്ങനെ സംഭവിക്കും. സുഭാഷിതത്തില്‍ പറയും പോലും ധീരന്മാര്‍ ഇത്തരം പ്രചരണങ്ങളെ വകവയ്ക്കില്ല. നിന്ദിക്കട്ടെ, സ്തുതിക്കട്ടെ, സമ്പത്ത് വരട്ടെ, ഇല്ലാതാകട്ടെ, മരണം ഈ നിമിഷമോ യുഗങ്ങള്‍ക്ക് ശേഷമോ വരട്ടെ ന്യായത്തിന്റെ പാതയില്‍ നിന്ന് ധീരന്‍ വ്യതിചലിക്കില്ലെന്ന ആ സുഭാഷിതത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ബാബാ രാംദേവ്, ആചാര്യ ഗോവിന്ദദേവ് ഗിരി തുടങ്ങിയവരും അനുഗ്രഹഭാഷണങ്ങള്‍ നടത്തി.
Discussion about this post