പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ വീണ്ടും ചോര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് എത്തുന്ന വെള്ളം സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് പതിക്കുന്നത്. മുമ്പും ശബരിമലയിലെ ശ്രീകോവിലില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ചകണ്ടെത്തിയിരുന്നു. കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇത് രണ്ടാംവട്ടമാണ് സന്നിധാനത്തെ ശ്രീകോവില്‍ ചോരുന്നത്.
ശ്രീകോവിലിന്റെ മുകളിലുള്ള സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കൂ. കഴിഞ്ഞ വിഷുപൂജയ്ക്ക് നട തുറന്നപ്പോള്‍ ശ്രീകോവിലിലെ ചോര്‍ച്ച ശ്രദ്ധയില്‍പെടുകയും ബന്ധപ്പെട്ടവര്‍ വിവരം ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ശ്രീകോവിലിന്റെ അറ്റകുറ്റ പണികള്‍ക്കായി ദേവന്റെ അനുജ്ഞയും വാങ്ങിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കമെന്നായിരുന്നു ദേവന്റെ അനുജ്ഞവാങ്ങിയപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍, അനുജ്ഞയുടെ കാലാവധികഴിഞ്ഞിട്ടും അറ്റകുറ്റ പണികള്‍ നടത്തി ചോര്‍ച്ച പരിഹരിക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറായില്ല.
ശ്രീകോവിലില്‍ സ്വര്‍ണ്ണപ്പാളികള്‍ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി ആവശ്യമായിരുന്നിട്ടും അതിനുള്ള നീക്കംപോലും ദേവസ്വം ബോര്‍ഡ് നടത്തിയില്ല. വാര്‍ത്ത പുറത്താകുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തന്ത്ര ശാസ്ത്ര വിധിപ്രകാരം ക്ഷേത്രശ്രീകോവില്‍ ചോരുന്നത് അത്യന്തം ഗൗരവകരമായ കാര്യമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കണ്ടെത്തിയാല്‍ ഉടന്‍ പരിഹാരം കാണേണ്ടതാണ്. ദേവ ചൈതന്യത്തിനുലോപമുണ്ടാകുമെന്നും ഇത് ദേവസാന്നിധ്യത്തെപ്പോലും ബാധിക്കുമെന്നും തന്ത്രശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
രണ്ട് പതിറ്റാണ്ടുമുമ്പ് ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ് കുംഭാഭിഷേകവും നടത്തിയ ശേഷമായിരുന്നു ശ്രീകോവില്‍ ചോര്‍ന്നത്. ഭിത്തികളിലൂടെ വെള്ളം ഒലിച്ചിറങ്ങി ശ്രീകോവിലിനുള്ളില്‍ നനവ് പടര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അനുജ്ഞ വാങ്ങി ശ്രീകോവിലിന്റെ അറ്റകുറ്റപണികള്‍ നടത്തി വീണ്ടും കുംഭാഭിഷേകം നടത്തിയിരുന്നു. ആഗസ്റ്റ് മൂന്നിന് നിറപുത്തിരിക്ക് നട തുറക്കുമ്പോള്‍ പ്രാഥമിക പരിശോധനകള്‍ നടത്തി നാല്പത്തി അഞ്ചുദിവസത്തിനകം അറ്റകുറ്റപണി പൂര്‍ത്തിയാക്കുമെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
Discussion about this post