കൊച്ചി: സംസ്കൃതം പഠിക്കാനുള്ള സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ആഗ്രഹത്തിന്റെ മുനയൊടിച്ച് കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍. ഐച്ഛിക വിഷയമായി സംസ്കൃതം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്ന് സൂചിപ്പിക്കാതെയാണ് പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നതെന്നാണ് ആക്ഷേപം. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ തലത്തിലും സംസ്കൃതം പഠിക്കുന്നതിനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന് 2014 ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നിലവില്‍ 6,7,8 ക്ലാസുകളില്‍ നിര്‍ബന്ധമായും 9, 10 ക്ലാസുകളില്‍ ഐച്ഛികമായും സംസ്കൃതം പഠിപ്പിക്കുന്നുണ്ട്.
പതിനഞ്ച് വിദ്യാര്‍ഥികളെങ്കിലും ഉണ്ടെങ്കില്‍ ആ സ്കൂളില്‍ സംസ്കൃതം പഠിപ്പിക്കണമെന്നാണ് നിയമം. ഇവര്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും അനുമതിയുണ്ട്. എന്നാല്‍ അപേക്ഷയില്‍, ഐച്ഛിക വിഷയമായി സംസ്കൃതവും തെരഞ്ഞെടുക്കാം എന്ന നോട്ടിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍ താല്‍പ്പര്യമുള്ള കുട്ടികളും മറ്റ് വിഷയം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍(സംസ്കൃതം) തസ്തികയിലുള്ളവര്‍ക്കാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിപ്പിക്കുന്നതിന് യോഗ്യത. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ തസ്തികയില്‍ സ്ഥിരനിയമനം ഇപ്പോഴില്ല. കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തയാറാവാത്തതാണ് അടിസ്ഥാനപ്രശ്നം. കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചാല്‍ സ്കൂളിലെ വിദ്യാലയ വികാസ് നിധിയില്‍നിന്ന് ശമ്പളം നല്‍കേണ്ടി വരും. ഇതിന് അതത് കേന്ദ്രീയ വിദ്യാലയങ്ങള്‍ സന്നദ്ധമാകുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം പട്ടം ഷിഫ്റ്റ് വണ്‍, തൃശ്ശൂര്‍ പുറനാട്ടുകര, പാലക്കാട് നമ്പര്‍ ടു എന്നീ കേന്ദ്രീയ വിദ്യാലയങ്ങളിലാണ് നിലവില്‍ സീനിയര്‍ സെക്കന്‍ഡറി തലത്തിലും സംസ്കൃതം പഠിപ്പിക്കുന്നത്. പുറനാട്ടുകര വിദ്യാലയത്തിന്റെ അപേക്ഷ ഫോമില്‍ മാത്രമേ സംസ്കൃതവും ഐച്ഛിക വിഷയമായിട്ടെടുക്കാമെന്ന സൂചനയുള്ളൂ. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ വിമുഖത കാട്ടുന്നത്.
Discussion about this post