ന്യൂദല്‍ഹി: ബില്‍ഡ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് വഴി ഇന്ത്യയ്ക്ക് ചുറ്റും സ്വാധീനമുയര്‍ത്താന്‍ ചൈന ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ മറുപടി ഡയമണ്ട് നെക്ലേസ് തന്ത്രം. ആഗോളതലത്തിലെ ചരക്ക് നീക്കത്തിന്‍റെ മുക്കാല്‍ പങ്കും നടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഒരുക്കിയ മറുതന്ത്രങ്ങള്‍ ഏറെ സുപ്രധാനം.
ഇന്ത്യയുടെ നീക്കങ്ങള്‍ ഇവ:
ശ്രീലങ്കയിലെ ഹമ്പന്‍തോട്ടയില്‍ ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച തുറമുഖമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ചൈനീസ് ചാരക്കപ്പലിന്‍റെ സാന്നിധ്യത്തെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാണ് പടിഞ്ഞാറന്‍ കൊളംബോ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മാണവുമായി കേന്ദ്രം മുന്നോട്ട് നീങ്ങുന്നത്. 2014ല്‍ ചൈനീസ് മുങ്ങിക്കപ്പല്‍ കൊളംബോ തുറമുഖത്തെത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ സഹായവുമായെത്തിയ ഇന്ത്യ ലക്ഷ്യമിട്ടത് ചൈനയുടെ പിടിയില്‍ നിന്ന് ശ്രീലങ്കയെ മുക്തമാക്കുകയെന്നതാണ്.
പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം, ജിബൂട്ടിയിലെ തുറമുഖം എന്നിവയിലെ ചൈനീസ് സ്വാധീനം മറികടക്കാന്‍ ഇരു തുറമുഖങ്ങള്‍ക്കും മധ്യത്തിലായി ഒമാനിലെ ഡാക്വം തുറമുഖത്ത് ഇന്ത്യ സ്വാധീനം ശക്തമാക്കി. അവിടെ സൈനിക സാന്നിധ്യത്തിനും ഇന്ത്യ അനുമതി നേടി. സീഷെല്‍സില്‍ അസംഷന്‍ ദ്വീപിലും ഇന്ത്യ സ്വാധീനം ശക്തമാക്കി. ചങ്കി നേവല്‍ ബേസ് സിംഗപ്പൂരുമായി 2018ല്‍ കരാര്‍ ഒപ്പുവച്ചു.
ഇന്തോനേഷ്യയുമായി മോദി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരം സബാങ് തുറമുഖത്ത് ഇന്ത്യയ്ക്ക് സൈനിക സാന്നിധ്യത്തിന് അനുമതിയുണ്ട്. ചരക്ക്, യുദ്ധക്കപ്പലുകള്‍ മലാക്കാ കടലിടുക്കിലേക്ക് പ്രവേശിക്കുന്നിടത്താണ് സബാങ് തുറമുഖം. ചൈനയുടെ എണ്ണ നീക്കത്തിന്റെ 70 ശതമാനവും വ്യാപാരത്തിന്റെ 50 ശതമാനവും മലാക്കാ കടലിടുക്ക് വഴിയാണ്. ഇന്ത്യ മലാക്കയില്‍ പ്രതിരോധം തീര്‍ത്താല്‍ ചൈന പ്രതിസന്ധിയിലാവും.
ഇതിനെല്ലാം പുറമേയാണ് വിയറ്റ്നാമിലെ ഇന്ത്യന്‍ സൈനിക ബേസ്. വിയറ്റ്നാമിലെ കാംറ തുറമുഖത്തെ ഇന്ത്യന്‍ സൈനിക സാന്നിധ്യം ചൈനയ്ക്ക് എക്കാലവും വെല്ലുവിളിയാണ്. 2016ല്‍ വിയറ്റ്നാമിനെ തന്ത്രപ്രധാന പങ്കാളിയായി പ്രഖ്യാപിച്ച് നരേന്ദ്ര മോദി കരാറൊപ്പുവച്ചിരുന്നു. ഇന്ത്യയും ജപ്പാനും ഒപ്പുവച്ച സൈനിക ലോജിസ്റ്റിക് കരാര്‍ പ്രകാരം ഇരുരാജ്യങ്ങള്‍ക്കും സൈനിക ഉപകരണങ്ങളും മറ്റും കൈമാറാനടക്കമുള്ള സഹകരണം സാധ്യമാണ്. ഇരു രാജ്യങ്ങള്‍ക്കും ആവശ്യമെങ്കില്‍ തുറമുഖങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
ഇറാനിലെ ചബഹാറിലെ ഇന്ത്യന്‍ തുറമുഖവും മംഗോളിയയുമായി മോദി ഉണ്ടാക്കിയ പുതിയ സൗഹൃദങ്ങളും ചൈനയെ വളയുന്ന ഇന്ത്യയുടെ ഭൗമശാസ്ത്രപരവും രാഷ്ട്രീയവുമായ നീക്കങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം ഏഷ്യയില്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കുമെന്നിരിക്കെ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ല. ആഗോള തലത്തിലെ എണ്ണനീക്കത്തിന്‍റെ 80 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണെന്നതും പ്രധാനമാണ്. ക്വാഡ് സഖ്യവുമായി ചേര്‍ന്ന് ഇന്ത്യ ഒരുക്കുന്ന പ്രതിരോധം ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ്.
Discussion about this post