കൊല്‍ക്കത്ത: പണമില്ലാതെ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന സാഹചര്യമാണ് ബംഗാളിലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. എസ്എസ്സി അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്‍റെ നിരീക്ഷണം. പണം നല്‍കാതെ ആര്‍ക്കും ഒരു സംസ്ഥാന സര്‍ക്കാര്‍ ജോലി ഉറപ്പാക്കാനോ നിലനിര്‍ത്താനോ കഴിയാത്ത സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി അധ്യാപകനെ നിയമിച്ച് നാല് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ വിധി പുറപ്പെടുവിക്കുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത വിമര്‍ശനം കോടതി നടത്തിയത്. പശ്ചിമ ബംഗാള്‍ പ്രൈമറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മണിക് ഭട്ടാചാര്യയുടെ പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം.
മണിക് ഭട്ടാചാര്യക്ക് മതിയായ പണം നല്‍കാത്തതിന്റെ പേരില്‍ അധ്യാപകനെ പിരിച്ചുവിടുന്നതാണോ ബംഗാളിലെ രീതിയെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ചോദിച്ചു. നേരത്തെ സമാനമായ കേസില്‍ ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവിനെ തുടര്‍ന്നാണ് മണിക് ഭട്ടാചാര്യയെ ഡബ്ല്യുബിബിപിഇ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഈ വര്‍ഷം ജൂണില്‍ ഡബ്ല്യുബിബിപിഇ റിക്രൂട്ട്മെന്റില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വിധിയെത്തുടര്‍ന്നായിരുന്നു ഇത്.
മുര്‍ഷിദാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൈമറി അധ്യാപകനായി 2021 ഡിസംബറില്‍ നിയമിക്കപ്പെട്ട മിറാജ് ഷെയ്ഖ് നല്‍കിയ കേസിലാണ് വിധി. അദ്ദേഹം സര്‍വീസില്‍ ചേര്‍ന്ന് നാല് മാസത്തിന് ശേഷം, യോഗ്യതാ മാര്‍ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുബിബിപിഇ അദ്ദേഹത്തെ പിരിച്ചുവിട്ടു. ബിരുദ സര്‍ട്ടിഫിക്കറ്റ് അടക്കം മിറാജ് ഷെയ്ഖ് സമര്‍പ്പിച്ച രേഖകളില്‍ തൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഗംഗോപാധ്യായ അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു
Discussion about this post