കൊല്ലം: മറക്കാതെ ഇക്കുറിയും അനുശ്രീയെത്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ കമുകുംചേരിയില്‍ നടന്ന ജന്മാഷ്ടമി ശോഭായാത്രയില്‍ കാവിനിറത്തിലുള്ള സാരിയണിഞ്ഞ് മുന്‍നിരയില്‍ത്തന്നെ. ഇത്തവണ പക്ഷെ വേഷമണിഞ്ഞില്ല. ശ്രീകൃഷ്ണവേഷമണിഞ്ഞ് അനുശ്രീയുടെ ചേട്ടന്‍റെ മകന്‍റെ ഒപ്പമുണ്ടായിരുന്നു.
ശോഭായാത്രയുടെ രാഷ്ട്രീയം ചികഞ്ഞവരോട് പതിവുപോലെ മറുപടി പറയാനും അനുശ്രീ മറന്നില്ല. ശോഭായാത്രയില്‍ രാഷ്ട്രീയം കാണരുത്. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഓര്‍മവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തില്‍ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടതെന്ന് അനുശ്രീ ചോദിച്ചു. വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത്. വിമര്‍ശനങ്ങളെ ഭയന്നിരുന്നെങ്കില്‍ ഞാനീ കാവി അണിഞ്ഞുവരുമായിരുന്നില്ലല്ലോ, അനുശ്രീ പറഞ്ഞു.
”കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്‍റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.
ശ്രീകൃഷ്ണനായി, ജന്മാഷ്ടമി ആശംസിച്ച് താരം
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണ വേഷത്തിലായിരുന്നു ഇന്നലെ അനുശ്രീയുടെ ഫോട്ടോ ഷൂട്ട്. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ നേടിയെടുത്തു. ”ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്‍റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ…”
ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.

Discussion about this post