തിരുവനന്തപുരം : കേരളത്തിലെ സര്‍വ്വകലാശാലകളിലെ ചട്ട വിരുദ്ധ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെ അന്വേഷണത്തിന് നിയോഗിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയില്‍ അംഗങ്ങള്‍ ആയേക്കും.
മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മൂന്ന് വര്‍ഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സിലര്‍ മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മുഴുവന്‍ ബന്ധുനിയമനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സര്‍വ്വകലാശാലകളുടെയും ചട്ടങ്ങള്‍ വ്യത്യസ്തമാണ്. പക്ഷെ സര്‍വ്വകലാശാലയുടെ മേലധികാരി എന്ന നിലയില്‍ ചാന്‍സിലര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കാം.
വിരമിച്ച ഹൈക്കോടതി ജഡ്ജി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍. മുന്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക. നിയമനങ്ങളുടെ മുഴുവന്‍ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിങ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവന്‍ നീങ്ങുന്നത്.
നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കേഡര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവര്‍ത്തനം. പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വളരെ മികച്ചതാണ്. എന്നാല്‍ കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണ് ഇതിന് കാരണം. താന്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിഗൂഢതകള്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഇടത് സര്‍ക്കാര്‍ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതില്‍ ഉയര്‍ന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാന്‍സിലറുടെ പരിഗണനയിലുമാണ്. അന്വേഷിക്കുമ്പോള്‍ ഈ പരാതികളും പരിഗണിക്കും. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ദല്‍ഹിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.
Discussion about this post