ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്പനി ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നിര്‍മിച്ച ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30-ന് നിലംപതിച്ചത്. 3700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
മരട് ഫ്‌ളാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനംനടത്തിയത്. മരട് ഫ്‌ളാറ്റിനുപുറമേ തെലങ്കാനയിലെ പഴയ സെക്രട്ടേറിയറ്റും സെന്‍ട്രല്‍ ജയിലും ഗുജറാത്തിലെ പഴയ മൊട്ടേര സ്റ്റേഡിയവും എഡിഫിസ് പൊളിച്ചിട്ടുണ്ട്.
നൂറുമീറ്ററിനുമേലെ പൊക്കമുള്ള ഈ കെട്ടിടസമുച്ചയത്തിന് ഡല്‍ഹിയിലെ കുത്തബ്മിനാറിനെക്കാള്‍ ഉയരമുണ്ടായിരുന്നു. തൊള്ളായിരം ഫ്‌ളാറ്റുകളടങ്ങിയ സൂപ്പര്‍ടെക്കിന്‍റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്‍റെ ഭാഗമാണ് ഈ ഇരട്ട ടവര്‍. 2009-ലും 2012-ലുമാണ് നോയ്ഡ അതോറിറ്റി ടവറിന് അനുമതി നല്‍കിയത്. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. 2014 ഏപ്രിലില്‍ ഇരട്ട ടവര്‍ അനധികൃത നിര്‍മിതിയാണെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി, ഇത് പൊളിച്ചു നീക്കണമെന്ന് വിധിച്ചു.
Discussion about this post