പൂനെ: വനവാസി വനിതകളുടെ പവറായി മാറുകയാണ് താമത്തായി പവാര്‍. നവരാത്രിയുടെ ഭാഗമായി ഒന്‍പത് മാതൃകാവനിതകളെ അവതരിപ്പിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രോജക്ടിലാണ് ഗോത്ര വര്‍ഗവിഭാഗമായ കട്കരി സമാജത്തില്‍ നിന്നുവളര്‍ന്ന താമത്തായി പവാറിന്‍റെ ജീവിതം രേഖപ്പെടുത്തുന്നത്. വനവാസി കല്യാണാശ്രമം വക സ്‌കൂളില്‍ പാചകക്കാരിയായി വന്ന താമത്തായി ഒരു ജനവിഭാഗത്തിനാകെ തായ്(അമ്മ) ആയി മാറിയ കഥയാണത്.
റൈഗഡ് ജില്ലയിലെ കര്‍ജാത്തുകാരിയായ താമ കുടുംബത്തിന്‍റെ പട്ടിണി മാറ്റാനാണ് ജാംഭിവാലി ഗ്രാമത്തിലെ കല്യാണാശ്രമം സ്‌കൂളില്‍ പാചകക്കാരിയായത്. കുട്ടികള്‍ക്ക് റൊട്ടി ഉണ്ടാക്കി നല്‍കും. അവര്‍ താമയെ അക്ഷരം പഠിപ്പിക്കും. പാട്ടും ഭജനയും പാചകവും പഠനവുമായി താമ വളര്‍ന്നത് വനവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയുള്ള സാമൂഹ്യ പ്രവര്‍ത്തകയായാണ്. സ്ത്രീകളിലടക്കം പിടിമുറുക്കിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ലഹരിക്കുമെതിരെ ബോധവത്കരണമായിരുന്നു ആദ്യ പ്രവര്‍ത്തനം. വനവാസി ഗ്രാമങ്ങളില്‍ ബാലവാടികള്‍ തുടങ്ങി കുട്ടികളെ വീടുനോക്കണമെന്ന് പഠിപ്പിച്ചു. എല്ലാ കുടിലുകളിലും കയറിയിറങ്ങി സ്‌കൂളില്‍ വരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ഭജനയും കീര്‍ത്തനങ്ങളുമായി സ്ത്രീകളെ സംഘടിപ്പിച്ചു. നിരക്ഷരത മുതലെടുത്ത് സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ അവര്‍ പോരാടി.
വനവാസി കല്യാണാശ്രമം മഹാരാഷ്ട്രയില്‍ ആരംഭിച്ച 18 സ്‌കൂളുകളുടെ നടത്തിപ്പടക്കമുള്ള സജീവ പ്രവര്‍ത്തനത്തില്‍ താമത്തായി നിയോഗിക്കപ്പെട്ടു. പാചകക്കാരിയില്‍ നിന്ന് കല്യാണ്‍ ആശ്രമത്തിന്‍റെ കൊങ്കണ്‍ പ്രാന്ത ഘടകം പ്രസിഡന്റ് പദവിയിലേക്ക് താമത്തായി ഉയര്‍ന്നു. ഹിരാകാനി, മാതൃസ്മൃതി, ദധീചി, വി. ശാന്താറാം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ താമത്തായിയെ തേടിയെത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ ആദിവാസി സേവക് പുരസ്‌കാരവും കേന്ദ്ര സര്‍ക്കാര്‍ അഹല്യ ദേവി ഹോള്‍ക്കര്‍ സ്ത്രീ-ശക്തി പുരസ്‌കാരവും നല്‍കി താമത്തായിയെ ആദരിച്ചു.
Discussion about this post