കാണ്‍പൂര്‍: എല്ലാവര്‍ക്കും പഠിക്കാനും എഴുതാനുമുള്ള അവസരം ഉണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരാളുടെ ഉള്ളിലുള്ള പ്രതിഭയെ കണ്ടെത്തി വളര്‍ത്തുന്നതിന് വിദ്യാഭ്യാസത്തില്‍ വലിയ പങ്കുണ്ട്. മാതൃഭാഷയിലൂടെയാണ് മനുഷ്യന്‍ സംസ്‌കൃതനാകുന്നതെന്നും ഇംഗ്ലീഷ് പഠിക്കുന്നതിന് മാതൃഭാഷ മറക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാണ്‍പൂര്‍ വിഎസ്എസ്ഡി കോളജില്‍ മുന്‍ അധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിലെയും കോളജുകളിലെയും പുത്തന്‍ ട്രെന്‍ഡുകളില്‍ മുണ്ടിനോ സാരിക്കോ സ്ഥാനമുണ്ടാവില്ല, പക്ഷേ വീട്ടിലെ മംഗളകര്‍മ്മങ്ങളില്‍ നമുക്കത് ഉടുക്കേണ്ടിവരും. അപ്പോള്‍ അതു ധരിക്കുന്ന രീതി അറിഞ്ഞിരിക്കണം എന്നത് പ്രധാനമാണ്. അതുകൊണ്ട്ട്രെന്‍ഡുകള്‍ സ്വീകരിക്കുന്നതിനൊപ്പം നമ്മുടെ ശീലങ്ങളെ ഉപേക്ഷിക്കാതിരിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.
സംസ്‌കാരവും മാനുഷിക മൂല്യങ്ങളുമുള്‍ക്കൊള്ളുന്ന പെരുമാറ്റവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അറിവ് അനുഭവത്തിലൂടെ സ്വായത്തമാക്കുന്നതാണ് ഭാരതീയരീതി. ആപ്പിള്‍ ഐന്‍സ്റ്റീന്‍റെ തലയില്‍ മാത്രമല്ല വീണിട്ടുള്ളത്. പക്ഷേ അദ്ദേഹം മാത്രമേ എന്തുകൊണ്ട് എന്ന് ചിന്തിച്ചുള്ളൂ. ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ വിദ്യാഭ്യാസത്തിന് ആവശ്യമാണ്.
അറിവ് എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കേണ്ടതുണ്ട്. അറിവിന്‍റെ ശരിയായ ഉപയോഗം ആവശ്യമാണ്, വിദ്യയോടൊപ്പം സംസ്‌കാരവും ആര്‍ജിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.
ബ്രഹ്‌മവര്‍ത്ത സനാതന്‍ മഹാമണ്ഡലം പ്രസിഡന്റ് വീരേന്ദ്രജിത്ത് സിങ്, സിഎസ്‌ജെഎംയു വൈസ് ചാന്‍സലര്‍ പ്രൊഫ. വിനയ് കുമാര്‍, കോളജ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി നീതു സിങ്, വൈസ് പ്രസിഡന്റ് കമല്‍ കിഷോര്‍ ഗുപ്ത, എ.എസ്. ബാജ്‌പേയ്, സുരേന്ദ്ര കക്കര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിപിന്‍ ചന്ദ്ര കൗശിക് എന്നിവരും വേദിയിലുണ്ടായിരുന്നു.
Discussion about this post