ന്യൂദല്‍ഹി: രാജ്യം പട്ടിണിയിലാണെന്ന പ്രചരണം നിന്ദ്യവും ആസൂത്രിതവുമാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോര്‍ഡിനേറ്റര്‍ അശ്വനി മഹാജന്‍. ജര്‍മ്മനിയിലെ ഏജന്‍സിയെന്ന പേരില്‍ ‘വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ്’ പുറത്തിറക്കിയ ലോക പട്ടിണി സൂചിക അങ്ങേയറ്റം നിരുത്തരവാദപരമാണ്.
കണക്കിന്‍റെ കാര്യത്തില്‍ മാത്രമല്ല, വിശകലനത്തിന്‍റെയും രീതിശാസ്ത്രത്തിന്‍റെയും വീക്ഷണത്തിലും റിപ്പോര്‍ട്ട് പരിഹാസ്യമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അന്ന് പ്രതിഷേധമുയര്‍ന്നപ്പോള്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ തടയുമെന്ന് വേള്‍ഡ് ഫുഡ് ഓര്‍ഗനൈസേഷന്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അതേ തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിന്‍റെ ദുരുദ്ദേശ്യം ഇതിലൂടെ വ്യക്തമാണെന്ന് അശ്വനി മഹാജന്‍ ചൂണ്ടിക്കാട്ടി.
പല രാജ്യങ്ങളും ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ മാതൃകയായി ഉയര്‍ന്ന നിലയിലാണ്. കൊവിഡ് കാലത്ത് ലോകം നിശ്ചലമായപ്പോള്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ രാജ്യമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും അവഗണിക്കാനാകില്ല. സൂചിക തയ്യാറാക്കുന്നതിന് വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് ഭക്ഷണ ഉപഭോഗത്തെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിച്ചിട്ടില്ല. നാഷണല്‍ ന്യൂട്രീഷന്‍ മോണിറ്ററിങ് ബോര്‍ഡ് പറയുന്നത്, 2011 മുതല്‍ ഗ്രാമപ്രദേശങ്ങളിലും 2016 മുതല്‍ നഗര പ്രദേശങ്ങളിലും ഭക്ഷണ ഉപഭോഗത്തെക്കുറിച്ച് ഒരു സര്‍വേയും നടത്തിയിട്ടില്ലെന്നാണ്. ഇതൊന്നും പരിഗണിക്കാതെ ഗാലപ് പോള്‍ എന്ന നിലയിലാണ് ആധികാരികമെന്ന രീതിയില്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷയ്ക്കായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളൊന്നും ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
28 മാസമായി 80 കോടി രാജ്യക്കാര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗങ്ങളും വിതരണം ചെയ്യുന്ന, 14 ലക്ഷം അങ്കണവാടികളിലൂടെ 7.71 കോടി കുട്ടികള്‍ക്കും 1.78 കോടി മുലയൂട്ടുന്ന അമ്മമാര്‍ക്കും അനുബന്ധ പോഷകാഹാരം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പരിപാടിയാണ് ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടാഴ്ച കൂടുമ്പോള്‍ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ചേര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നുണ്ട്. 1.5 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവാനന്തര കാലഘട്ടത്തിലും പോഷകാഹാരത്തിനായി 5000 രൂപ വച്ച് നല്‍കുന്ന രാജ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post