റാഞ്ചി: ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി സമന്‍സ് അയച്ചു. റാഞ്ചിയിലെ റീജിയണല്‍ ഓഫീസില്‍ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം.
കേസില്‍ മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയേയും മറ്റ് രണ്ട് പേരെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈയില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ മിശ്രയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 11.88 കോടി രൂപ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 5.34 കോടിയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി. പങ്കജ് മിശ്രയുടെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാസ്ബുക്കും അദ്ദേഹം ഒപ്പിട്ട ചില ചെക്കുകളും ഇ ഡി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ബര്‍ഹൈത്തില്‍ അനധികൃത ഖനനം നിയന്ത്രിക്കുന്നത് പങ്കജ് മിശ്രയാണെന്നും ഇയാള്‍ സോറന്റെ ബിനാമിയാണെന്നും ഇ ഡി പറയുന്നു. പങ്കജ് മിശ്രയ്ക്കും അദ്ദേഹത്തിന്‍റെ സഹായികളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ സോറന്‍റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിനെയും ആഗസ്തില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
Discussion about this post