ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദേശയാത്രാ വിവരം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. 10 ദിവസത്തെ യാത്രയിൽ പകരം ചുമതല ആർക്കെന്ന് അറിയിച്ചില്ലെന്നും കത്തിൽ ഗവർണർ ആരോപിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയ സമയത്ത് അക്കാര്യം അറിയിച്ചില്ല. വിദേശയാത്ര പോകുമ്പോഴും തിരികെ എത്തുമ്പോഴുമുള്ള കീഴ്‌വഴക്കങ്ങൾ ലംഘിക്കപ്പെട്ടു.
മാത്രമല്ല തിരികെ എത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ല. 10 ദിവസം പകരം ആർക്ക് ചുമതല നൽകിയെന്നത് പോലും അറിയില്ലെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ സംസ്‌കാര ചടങ്ങിൽ എത്തുമ്പോൾ മാത്രമാണ് യാത്ര പോകുന്ന വിവരം പോലും അറിയിച്ചത്. സാധാരണ ഗതിയിൽ വിദേശയാത്രകൾക്ക് മുൻപ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി അറിയിക്കുകയോ, അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ അറിയിക്കുകയോ ചെയ്യാറുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് വിഷയത്തിൽ കേന്ദ്രത്തിന്‍റെ ഇടപെടൽ കൂടി ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് സമാന്തരഭരണത്തിന് ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമർശത്തിനെതിരെ ഗവർണർ ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. താൻ അനാവശ്യ ഇടപെട്ടലുകൾ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാനും ഗവർണർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ ആ നിമിഷം സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറാകുമോ എന്നും ഗവർണർ ചോദിച്ചു.
Discussion about this post