ന്യൂദല്‍ഹി: ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ലീങ്ങളെയും പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രം. ചരിത്രപരമായ കാരണങ്ങളാല്‍ ആ വിഭാഗങ്ങളെ പട്ടിക ജാതിക്കാരായി പരിഗണിക്കാനാകില്ല. അവര്‍ ഒരിക്കലും പിന്നാക്കാവസ്ഥയോ അടിച്ചമര്‍ത്തലോ നേരിട്ടിട്ടില്ലെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രാലയം ചൂണ്ടിക്കാട്ടി. 1950 ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് അനുസരിച്ച് ഈ വിഭാഗങ്ങള്‍ ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കുന്നില്ല.
ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും നല്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
1950ലെ ഭരണഘടന(പട്ടികജാതി) ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പ്രത്യേക സാമൂഹിക സാഹചര്യങ്ങളെ കേന്ദ്രീകരിച്ചാണ് പട്ടിക ജാതിക്കാരെ തിരിച്ചറിയുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദു ജാതിവിഭാഗങ്ങളില്‍ നിലനിന്ന തരത്തില്‍, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയിലേക്ക് നയിക്കുന്ന തൊട്ടുകൂടായ്മയും വിവേചനവും ക്രിസ്ത്യന്‍, ഇസ്ലാമിക സമൂഹങ്ങളിലില്ലായിരുന്നു ചരിത്രരേഖകളെ മുന്‍നിര്‍ത്തിയാണ് ആ ഉത്തരവെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
‘വാസ്തവത്തില്‍, പട്ടികജാതികളില്‍ നിന്നുള്ള ആളുകള്‍ ഇസ്ലാം, ക്രിസ്തുമതങ്ങളിലേക്ക് മാറുുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇത്തരം വിവേചനങ്ങളില്‍ നിന്ന് പുറത്തുവരാന്‍ വേണ്ടിയാണെന്ന വാദമാണെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം വ്യക്തമാക്കി. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ലീങ്ങളെയും പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിനോട് യോജിക്കാന്‍ മന്ത്രാലയം വിസമ്മതം പ്രകടിപ്പിച്ചു.
Discussion about this post