ന്യൂദല്‍ഹി: ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് സംഭവിച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ. അക്ബര്‍. വിനോദ സഞ്ചാരമേഖലയില്‍ കശ്മീര്‍ വന്‍തോതിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയത്. വെടിവയ്പും ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും കൊണ്ട് ഭയപ്പാട് നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ഇത്ര പൊടുന്നനെ ഒരു മാറ്റം അതിശയകരമാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലം നിര്‍ണയിക്കുക ഭരണമേന്മയായിരിക്കും, യാത്രകള്‍ ജനങ്ങള്‍ പരിഗണിക്കില്ല. രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തില്ല. നരേന്ദ്രമോദിയുടെ ആദ്യസര്‍ക്കാര്‍ സമൂലമാറ്റത്തിനുതകുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തുടര്‍ഭരണകാലത്ത് അതേ തീരുമാനങ്ങള്‍ സമ്പൂര്‍ണമായി നടരപ്പാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു.
എന്നെ സംബന്ധിച്ചിടത്തോളം, ഭരണത്തിന്‍റെ ആത്യന്തികവിലയിരുത്തല്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി എത്രമാത്രം ചെയ്തു എന്നതിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദി വളരെ മുന്നിലാണ്. ദാരിദ്ര്യം പരിഹരിക്കണമെന്ന് ഭരണഘടന പറയുന്നുണ്ട്. അത് പൂര്‍ണമായി നടപ്പാക്കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നത്. കൊവിഡ് പോലെ ദുരിതം വിതച്ച കാലത്തും ദരിദ്രരെ പട്ടിണിക്കാരാക്കാത്ത സര്‍ക്കാര്‍ സമീപനം വലിയ നേട്ടമാണ്. ഇത്തരം അത്ഭുതകരമായ നേട്ടങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ കണ്ടെന്ന് വരില്ല, അക്ബര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ അനുകരിച്ച് ജനപക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകുന്നത് നല്ലതാണ്, പക്ഷേ, സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ക്ക് കഴിയില്ല, അദ്ദേഹം പറഞ്ഞു.
Discussion about this post