ന്യൂദല്‍ഹി: ഉത്തരാഖണ്ഡിന്റെ മാനസഖണ്ഡിന് റിപ്പബ്ലിക് ദിന പരേഡില്‍ ഒന്നാം സ്ഥാനം. ജോഷിമഠിന്റെ ആകുലതകള്‍ക്കിടയിലും ക്ഷേത്രഭൂമിയും പ്രകൃതിയും ജീവിതവും വരച്ചിട്ട മാനസഖണ്ഡ് എന്ന നിശ്ചലദൃശ്യമാണ് മികച്ചതായി തെരഞ്ഞെടുത്തത്. കുമയൂണ്‍ മേഖലയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ച് ഗര്‍വാള്‍ പ്രദേശത്തെ ചാര് ധാം മാതൃകയില്‍ വികസിപ്പിക്കുന്ന നിര്‍ദിഷ്ട മനസ്ഖണ്ഡ് ഇടനാഴി പദ്ധതിയാണ് ഫ്ളോട്ടില്‍ ചിത്രീകരിച്ചത്. വിഖ്യാതമായ ജഗേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലമായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയത്.
മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുള്‍ജാഭവാനിയിലെ ശ്രീക്ഷേത്രം, മഹൂരിലെ രേണുകാദേവി, വാണിയിലെ സപ്തശൃംഗി ദേവി ക്ഷേത്രങ്ങള്‍ എന്നിവയായിരുന്നു മഹാരാഷ്ട്ര അവതരിപ്പിച്ചത്. അയോധ്യയില്‍ മൂന്ന് ദിവസമായി നടന്ന മഹാദീപോത്സവമാണ് ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യത്തിന് വിഷയമായത്.
കരസേനയുടെ പഞ്ചാബ് റെജിമെന്റ് മികച്ച മാര്‍ച്ചിങ് ഗ്രൂപ്പായി, അതേസമയം മൈ ഗവ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഒന്നാം സ്ഥാനം നേടി. മറ്റ് സേനാവിഭാഗങ്ങളില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിനെ മികച്ച മാര്‍ച്ചിങ് ഗ്രൂപ്പായി തെരഞ്ഞെടുത്തു.
ഗ്രീന്‍ എനര്‍ജിയെക്കുറിച്ചുള്ള നിശ്ചലദൃശ്യങ്ങളില്‍ മൈ ഗവ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഗുജറാത്ത് ഒന്നാമതെത്തി. രണ്ടും മൂന്നും സ്ഥാനത്ത് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ്. സിഎപിഎഫുകളെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അവതരണം ജനപ്രിയ ചോയ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ജൈവവൈവിധ്യ സംരക്ഷണത്തില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് പ്രത്യേക സമ്മാനം ലഭിച്ചു.
Discussion about this post