ശ്രീനഗര്‍: രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ സേന സന്നദ്ധമാണെന്ന് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ലഡാക്ക് മേഖലയില്‍ ചൈനയുടെ ഏത് ആക്രമണത്തിനും ഉചിതമായ മറുപടി നല്കാന് സൈന്യം തയാറാണ്. ശാരീരികമായും സാങ്കേതികമായും അതിന് നമ്മള് സജ്ജരാണ്. ആക്രമണം ഏത് രൂപത്തിലായും അത് ചെറുക്കാനുള്ള സംവിധാനം ഇന്ത്യക്കുണ്ട്. നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന അതിക്രമങ്ങളോട് ഇന്ത്യന്‍ സായുധ സേനയുടെ പ്രതികരണം ധീരതയും വേഗതയും സമന്വയിച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നയതന്ത്ര തലത്തിലും പ്രായോഗിക തലത്തിലും എല്‍എസിയിലെ സ്ഥിതിഗതികള്‍ സമാധാനപൂര്‍ണമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യം ഭൂപ്രകൃതിയിലെ പ്രത്യേകതകള്‍ മൂലം വേഗത്തില്‍ നീങ്ങുന്നതിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അത് അവസരവും സാധ്യതയുമാണെന്ന് സൈന്യത്തിന് ബോധ്യമുണ്ട്. രാഷ്ട്രത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്ന് കരസേനാ കമാന്‍ഡര്‍ പറഞ്ഞു.
Discussion about this post