ഭിൽവാര(രാജസ്ഥാൻ): മരങ്ങൾക്ക് പുനർജന്മം നൽകുകയാണ് തുണിവ്യാപാരിയായ തിലോക് ചന്ദ് ഛബ്ര. റോഡുകളും കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും നിർമിക്കുന്നതിനിടെ മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങൾ വേരോടെ പിഴുത് പുതിയ ഇടങ്ങളിൽ മാറ്റി സ്ഥാപിക്കുകയാണ് വൃക്ഷസ്‌നേഹിയായ തിലോക്ചന്ദ്. വികസനത്തിന്‍റെ പേരിൽ ഒരു മരവും നശിപ്പിക്കരുതെന്ന പ്രചാരണത്തിന്‍റെ ഭാഗമായി തിലോക്ചന്ദ് ആരംഭിച്ച പ്രസ്ഥാനം ഇതിനകം ഇത്തരത്തിൽ ആയിരത്തോളം വൃക്ഷങ്ങൾക്കാണ് പുനർജനിയേകിയത്.
2021 സപ്തംബറിലാണ് തിലോക് ചന്ദ് തന്‍റെ വൃക്ഷസംരക്ഷണ പ്രചാരണം തുടങ്ങിയത്. തന്‍റെ തന്നെ ഫാം ഹൗസ് നിർമ്മിക്കേണ്ടിവന്നപ്പോൾ ഏഴ് ഈന്തപ്പനകൾ പിഴുതുമാറ്റേണ്ടിവന്നു. അപ്പോഴാണ് എന്തുകൊണ്ട് അവയെ നശിപ്പാക്കാതെ മാറ്റി നട്ടുകൂടാ എന്ന തോന്നലുണ്ടായത്. ഇതിനായി ദൽഹിയിൽ നിന്ന് വിദഗ്ധനായ ഭൂപേന്ദ്ര ചതുർവേദിയെ വിളിച്ചുവരുത്തി വിജയകരമായി പറിച്ചുനട്ടു. തുടർന്ന് നഗരത്തിൽ എവിടെയും ഇത്തരത്തിൽ മരങ്ങൾ സംരക്ഷിക്കുന്ന ജോലി ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സ്വന്തമായി രൂപീകരിച്ചു.
ആദ്യം പറിച്ചുനടേണ്ട മരങ്ങൾക്ക് ചുറ്റും നാലടി വീതിയിൽ കുഴിയുണ്ടാക്കും. ഒന്നര മുതൽ രണ്ടടി വരെ വ്യാസത്തിൽ കുഴിച്ചശേഷം അതിൽ കൊക്കോപീറ്റ്, മണൽ, ബോവ്സ്റ്റിൻ എന്നിവ നിറച്ച് 15-15 ദിവസം കൊണ്ട് രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കും. ശേഷം, മരങ്ങൾ ക്രെയിനുകളുടെ സഹായത്തോടെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും.
ഒരു പുതിയ സ്ഥലത്ത് മരം നട്ടുപിടിപ്പിക്കുമ്പോൾ, അത് ആദ്യം പൂർണ്ണമായും ഉണങ്ങുന്നു. പിന്നീട് മാത്രമേ തളിർക്കുകയുള്ളൂവെന്ന് തിലോക് ചന്ദ് പറയുന്നു.
Discussion about this post