മുംബൈ: വീര സവര്‍ക്കര്‍ സ്മൃതി ദിനത്തില്‍ സവര്‍ക്കറിന് ആദരവര്‍പ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. നാസിക്കിലെ ഭാഗൂരിലുള്ള സവര്‍ക്കര്‍ ഗാര്‍ഡന്‍ നവീകരിക്കുന്നതിനൊപ്പം സവര്‍ക്കര്‍ തീം പാര്‍ക്കും മ്യൂസിയവും നിര്‍മിക്കുമെന്നും മഹാരാഷ്ട്ര ടൂറിസം മന്ത്രി മംഗല്‍ പ്രഭാത് ലോധ പറഞ്ഞു. സവര്‍ക്കറുടെ സ്മൃതി ദിനത്തില്‍ ഭാഗൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണം. എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തീകരിക്കും. ഭാഗൂര്‍, നാസിക്കിലെ അഭിനവ് ഭരത് മന്ദിര്‍, പൂനെയിലെ സവര്‍ക്കര്‍ ചെയര്‍ സെന്റര്‍, ഫര്‍ഗ്യൂസ്സന്‍ കോളജ് ഹോസ്റ്റല്‍, സന്‍ഗ്ലിയിലെ ബാബാറാവു സവര്‍ക്കര്‍ മെമ്മോറിയല്‍, രത്‌നഗിരിയിലെ പതിത്പാവന്‍ മന്ദിര്‍, മുംബൈയിലെ സവര്‍ക്കര്‍ സദന്‍, സവര്‍ക്കര്‍ മെമ്മോറിയല്‍ എന്നിവ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.


















