പാനിപ്പത്ത് (ഹരിയാന): കൊടുങ്ങല്ലൂർ എരിയാട് പഞ്ചായത്തിലെ തിരുവള്ളൂര്‍ ഗ്രാമത്തിന്റെ വികസനത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്. ലഹരിയില്‍ നിന്നും കടത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ഗ്രാമമാക്കി തിരുവള്ളൂരിനെ മാറ്റാനുള്ള പ്രദേശത്തെ ആർ എസ് എസ് പ്രവർത്തകരുടെ പ്രവര്‍ത്തനങ്ങളെയാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നത്.
തിരുവള്ളൂര്‍ ഗ്രാമത്തെ സാമ്പത്തികമായി സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായും ഓര്‍ഗാനിക്ക് കൃഷിയിലേക്ക് പൂര്‍ണ്ണമായും എത്തിക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യ പരസ്പരാശ്രയത്വം ഉയര്‍ത്തുന്നതിനും സ്വയംപര്യാപ്തയും സ്വാശ്രയത്വവും കൈവരിക്കുന്നതിനുമായി ഗ്രാമവികസന സമിതി പ്രവര്‍ത്തിക്കുന്നു. ഗ്രന്ഥശാല സ്ഥാപിച്ചും മികച്ച പഠന നിലവാരമുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കിയും കരിയര്‍ ഗൈഡന്‍സ്, പഠനയാത്ര എന്നിവ നടത്തിയും വിദ്യാഭ്യാസമേഖലയില്‍ മാതൃകാ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.സത്സംഗങ്ങള്‍, ഗീതാജ്ഞാന യജ്ഞങ്ങള്‍, തീര്‍ത്ഥാടനയാത്രകള്‍, വിദ്യാര്‍ത്ഥി ശിബിരങ്ങള്‍, ഓണം പോലുള്ള സാമൂഹ്യ ആഘോഷങ്ങള്‍, രാമായണ ക്ലാസുകള്‍ എന്നിവ ആധ്യാത്മിക രംഗത്ത് നടത്തുന്നു. ജാതിക്കതീതമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നു. കളരി പരിശീലനം, വൃക്ഷപരിപാലനം, വൃക്ഷപൂജ, ഭൂമീ പൂജ എന്നിവ മഹിളാ സേവാ സമര്‍പ്പണ്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നു. പരിസ്ഥിതി സംരക്ഷണവും ഗ്രാമ വികസന സമിതിയുടെ ദൗത്യമാണ്. ലക്ഷ്യത്തിന്റെ 80 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തിരുവള്ളൂര്‍ ഗ്രാമസേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടറിയുന്നതിനായി യൂട്യൂബ് ലിങ്കടക്കം വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സംഘപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും പ്രത്യേക പരിപാടികളുടെ വിവരങ്ങളും സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.
Discussion about this post