ന്യൂദല്‍ഹി: ബാഗ്ദാദിലെ ഗുരുനാനാക്ക് ഗുരുദ്വാര പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യ ഇറാഖിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു. ദല്‍ഹി സന്ദര്‍ശിച്ച ഇറാഖി എന്‍എസ്എ ഖാസിം അല്‍ അരാജിയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ ആവശ്യം ഉന്നയിച്ചത്. ബാഗ്ദാദിലെ ബാബ നാനക് ഗുരുദ്വാര സിഖ് സമൂഹത്തിന്‍റെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. എഡി 1511-ല്‍ നഗരം സന്ദര്‍ശിച്ച ഗുരു നാനാക്കിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണിത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ക്യാപ്റ്റന്‍ ഡോ. കിര്‍പാല്‍ സിങ് ആണ് ഗുരുദ്വാര കണ്ടെത്തിയത്, 2003ലെ ഇറാഖ് യുദ്ധത്തിലാണ് ഗുരുദ്വാര കൂടുതലും തകര്‍ന്നത്. 1982-ല്‍, ഡോ. കിര്‍പാല്‍ സിംഗിന്‍റെ അനന്തരവന്‍ മേജര്‍ ജനറല്‍ ഹര്‍കിരത് സിങ്, ബാബാ നാനാക്ക് ദേവാലയം ഒരു പ്രധാന ഗുരുദ്വാരയാക്കി പുനര്‍നിര്‍മ്മിക്കുന്നതിന് ഇറാഖിലെ സിഖ് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാഗ്ദാദ് സന്ദര്‍ശിച്ചിരുന്നു. 1983-ല്‍ മേജര്‍ ജനറല്‍ ഹര്‍കിരത് സിങ് അന്തരിച്ചതിനുശേഷം, സിഖ് സമൂഹം ഇത് പുനര്‍നിര്‍മിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. മേജര്‍ ജനറല്‍ ഹര്‍കിരത് സിങ്ങിന്‍റെ അച്ഛനും സെഷന്‍സ് ജഡ്ജിയുമായ സര്‍ദാര്‍ സേവറാം സിങ് എഴുതിയ ‘ഡിവൈന്‍ മാസ്റ്റര്‍’ എന്ന പുസ്തകത്തില്‍ ഗുരുദ്വാരയുടെ രൂപരേഖയും ശിലാഫലകത്തിലെ ലിഖിതവും രേഖപ്പെടുത്തിയിട്ടുണ്ട്.
2007-ല്‍ ഇറാഖി സര്‍ക്കാര്‍ ഗുരുദ്വാര പുനര്‍നിര്‍മിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2018 മുതല്‍, ഗുരുദ്വാര നിലനിന്നിരുന്ന ഇടം സംരക്ഷിക്കുന്നതിനായി ഒരു ഗേറ്റ് സ്ഥാപിച്ചു. ഒരു ചുവരില്‍ ഒരു പുറം മതിലിന്‍റെ ഭാഗങ്ങളും ഒരു മെഹ്റാബും മാത്രമേ അവശേഷിക്കുന്നുള്ളൂ, എന്നാല്‍ ഗുരുദ്വാരയെ പഴയ പ്രതാപത്തിലേക്ക് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Discussion about this post