ചന്ദ്രാപൂര്‍(മഹാരാഷ്ട്ര): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ അവസാനഘട്ട നിര്‍മ്മാണങ്ങള്‍ക്കാവശ്യമായ ചന്ദ്രാപൂര്‍ തേക്കുകള്‍ ആഘോഷങ്ങളുടെ അകമ്പടിയോടെ ഇന്നലെ കയറ്റി അയച്ചു. ബല്ലാര്‍പൂര്‍ ഫോറസ്റ്റ് ഡിപ്പോയ്ക്കും ചന്ദ്രാപൂരിനും ഇടയിലുള്ള 16 കിലോമീറ്റര്‍ ദൂരത്തില്‍ വലിയ ഘോഷയാത്രയോടെയാണ് തടി കൈമാറ്റച്ചടങ്ങ് നടന്നത്. ചന്ദ്രാപൂര്‍, ഗഡ്ചിരോളി എന്നിവിടങ്ങളിലെ വനങ്ങളില്‍ നിന്ന് സംഭരിച്ച തേക്ക് തടികളാണ് ആദ്യഘട്ടമെന്ന നിലയില്‍ കയറ്റി അയച്ചത്.
മഹാരാഷ്ട്ര ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന ഗുണമേന്മയുള്ള തേക്കുതടികള്‍ മെയ് മാസത്തോടെ ആറ് ഘട്ടമായി അയോധ്യയിലേക്ക് അയയ്ക്കുമെന്ന് മഹാരാഷ്ട്ര വനം-പരിസ്ഥിതി മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു. 1,855 ക്യുബിക് അടിയാണ് കണക്കാക്കിയിരിക്കുന്നത്. ആവശ്യമനുസരിച്ച് കൂടുതല്‍ അയയ്ക്കും. ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായി സൗജന്യമായി നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗ്രഹിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നോ സൗജന്യമായി ഒന്നും സ്വീകരിക്കുന്നില്ലെന്ന് ക്ഷേത്രട്രസ്റ്റ് വ്യക്തമാക്കിയതോടെ വില കുറച്ച് മരം വിതരണം ചെയ്യുകയാണ്, അദ്ദേഹം പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തിനായുള്ള മണല്‍ക്കല്ല് രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചത്. ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന സാളഗ്രാം കല്ലുകള്‍ നേപ്പാളിലെ ജനക്പൂരിലെ ഗലേശ്വര്‍ ധാമില്‍ നിന്നാണ് കൊണ്ടുവന്നത്. അതുപോലെ രാമായണവും മഹാഭാരതവും കേട്ട് വളര്‍ന്ന ഛത്രപതി ശിവജി മഹാരാജിന്‍റെ നാട്ടില്‍ നിന്നാണ് തടി അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രാപൂര്‍, ബല്ലാര്‍പൂര്‍ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളുമായി ഒത്തുചേര്‍ന്നത്. കാവിയണിഞ്ഞ് നൃത്തമാടിയാണ് അയോധ്യയിലേക്കുള്ള നിര്‍മാണ സാമഗ്രികളെ അവര്‍ യാത്രയാക്കിയത്.
ഉത്തര്‍പ്രദേശ് മന്ത്രിമാരായ യോഗേന്ദ്ര ഉപാധ്യായ, രവീന്ദ്ര ജയ്സ്വാള്‍, അരുണ്‍ കുമാര്‍ സക്സേന, ചന്ദ്രാപൂരിലെയും സമീപ ജില്ലകളിലെയും എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘രാമായണം’ ഇതിഹാസ ടെലിവിഷന്‍ സീരിയലിലെ താരനിരയായിരുന്നു പ്രധാന ആകര്‍ഷണം- അരുണ്‍ ഗോവില്‍ (ശ്രീരാമന്‍), ദീപിക ചിഖ്‌ലിയ ടോപിവാല (സീത), സുനില്‍ ലാഹിരി (ലക്ഷ്മണന്‍) എന്നിവരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
ശ്രീരാമക്ഷേത്രത്തിന്‍റെ പ്രധാന വാതിലുകളും പ്രവേശന കവാടവും നിര്‍മ്മിക്കാന്‍ ചന്ദ്രാപൂരില്‍ നിന്നുള്ള തേക്ക് മരമാണ് ഉപയോഗിക്കുന്നത്. എണ്ണയുടെ അംശം കൂടുതലായതിനാല്‍ 1000 വര്‍ഷം ഈ തടിയില്‍ ചിതലിന്‍റെ ആക്രമണം ഉണ്ടാകില്ലെന്നതാണ് സവിശേഷത.
Discussion about this post