റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി വനവാസി സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. മതംമാറ്റ ശക്തികള്‍ വനവാസിമേഖലകളില്‍ കടന്നുകയറി തനിമയും വിശ്വാസവും തകര്‍ക്കുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും അത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഛത്തിസ്ഗഢിലെ എല്ലാ ജില്ലകളിലും ഈ ആവശ്യമുന്നയിച്ച് ആയിരങ്ങളെ അണിനിരത്തി 16ന് റാലി നടത്തുമെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം അറിയിച്ചു.
തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുടെ സംവരണമടക്കമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും മതം മാറിയവര്‍ തട്ടിയെടുക്കുകയാണെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം ദേശീയ കണ്‍വീനര്‍ ഗണേശ് റാം ഭഗത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈ അനീതി അവസാനിപ്പിക്കണം. മതപരിവര്‍ത്തനം സ്വാതന്ത്ര്യം കിട്ടുന്നതിന്മുമ്പ് മുതല്‍ പട്ടികവര്‍ഗ സമൂഹത്തിന് ഭീഷണിയാണ്. വിദേശ മതപ്രഭാഷകരാണ് ഇതിന് നേതൃത്വം നല്കുന്നത്. ഇതുമൂലം വനവാസി സമൂഹം സ്വന്തം വിശ്വാസങ്ങളില്‍നിന്നും ജീവിതത്തില്‍ നിന്നും അകലുന്ന സാഹചര്യമുണ്ടെന്ന് ഗണേശ് റാം പറഞ്ഞു.
വനവാസി ജനതയ്ക്ക് സംവരണം നല്‍കിയത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുന്നതിന് വേണ്ടിയാണ്. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസത്തെയും സംസ്‌കാരത്തെയും ആചാരങ്ങളെയും നിരാകരിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ ഗോത്ര സംവരണത്തിന്‍റെ അടിസ്ഥാനം അര്‍ത്ഥശൂന്യമാകും. സ്വന്തം സമാജത്തിന്‍റെ അസ്തിത്വം ഉപേക്ഷിക്കുന്നവര്‍ ആനുകൂല്യങ്ങള്‍ക്ക് എങ്ങനെ യോഗ്യരാകും എന്ന് അധികൃതര്‍ വിശദമാക്കണം.
സംസ്‌കാരം, ആചാരം, ഭാഷ, പാരമ്പര്യം എന്നിവ സംരക്ഷിക്കുന്നതിനായാണ് ട്രൈബല്‍ സെക്യൂരിറ്റി ഫോറം പ്രക്ഷോഭത്തിനിറങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോറം സംസ്ഥാന കണ്‍വീനര്‍ ഭോജ്രാജ് നാഗ്, ജോയിന്റ് കണ്‍വീനര്‍ റോഷന്‍ പ്രതാപ് സിങ് കോഓര്‍ഡിനേറ്റര്‍ സംഗീത പോയം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post