ജയ്പൂര്‍(രാജസ്ഥാന്‍): കശ്മീരികളായ ഞങ്ങള്‍ ചിതറിപ്പോയ ജീവിതത്തെ തിരികെനേടിയത് സേവാഭാരതിയുടെ കൈപിടിച്ചാണ്. പലായനത്തിന്റെയും കൊലപാതകങ്ങളുടെയും നടുക്കുന്ന കാലത്തിന് നടുവിലും അവര്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം തന്നു. ഒരുമിച്ച് നിന്ന് വളരാന്‍ കൈത്താങ്ങ് തന്നു, അതുകൊണ്ട് ഞങ്ങള്‍ക്ക് ഇരക്കേണ്ടിവന്നില്ല. സ്വയം തൊഴില്‍ കണ്ടെത്തി വരുമാനം നേടി കുടുംബത്തിന്റെ ഭദ്രത ഉറപ്പിക്കുന്നു, പറയുന്നതിനിടയില്‍ അഞ്ജലിയുടെ കണ്ണുകള്‍ നനഞ്ഞു. സേവാഭാരതി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സേവാസംഗമത്തില്‍ പങ്കെടുക്കാനെത്തിയതാണ് അഞ്ജലി. 2011ലാണ് സേവാഭാരതി ഞങ്ങളെ തേടി എത്തിയത്. കൊവിഡിന്റെ കാലത്ത് പല വീടുകളിലും അടുപ്പുകള്‍ കത്തിയിരുന്നിില്ല. ഞങ്ങള്‍ക്ക് സേവാഭാരതി ജോലി തന്നു. ലക്ഷക്കണക്കിന് മാസ്‌കുകളാണ് ഞങ്ങള്‍ നിര്‍മ്മിച്ചത്, അഞ്ജലി ചൂണ്ടിക്കാട്ടി.
ജമ്മുവിലെ അഥ്‌റൂട്ട് സ്വയംസഹായതാ സംഘം തയ്യാറാക്കിയഉത്പന്നങ്ങളുമായി അഞ്ജലിയും കൂട്ടൂകാരും ജയ്പൂരിലെത്തിയത്. ഇത്തരത്തിലുള്ള സ്വയംസഹായ സംഘങ്ങളിലൂടെയാണ് സേവാഭാരതി ഞങ്ങളെ ശാക്തീകരിച്ചത്. വിവിധ രംഗങ്ങളില്‍ പരിശീലനം തന്നു. ആദ്യമായി തയ്യല്‍ പഠിച്ചു, വസ്ത്രങ്ങള്‍ തുന്നി. ഞങ്ങളുടെ സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ 14 വ്യത്യസ്ത തരം ഉത്പന്നങ്ങള്‍ തയ്യാറാക്കും. വിപണി സേവാഭാരതി ഒരുക്കും. കുടുംബങ്ങള്‍ അങ്ങനെ മുന്നോട്ടുപോകും, അഞ്ജലി പറഞ്ഞു.
വര്‍ഷങ്ങളായി കൂടാരങ്ങളില്‍ കഴിയുന്ന കുടിയിറക്കപ്പെട്ട ഹിന്ദു കുടുംബങ്ങളുടെ ശാക്തീകരണത്തിനാണ് സേവാഭാരതി ഊന്നല്‍ നല്കിയതെന്ന് ജമ്മു കശ്മീരിലെ സേവാഭാരതിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ യശസ്വിനി പറഞ്ഞു, സ്ത്രീകള്‍ക്കായി ഒരു ശാക്തീകരണ കേന്ദ്രം ആരംഭിക്കാന്‍ സേവാഭാരതി തീരുമാനിച്ചിരുന്നു, അതുവഴി അവര്‍ക്ക് സ്വയം എന്തെങ്കിലും പഠിക്കാന്‍ കഴിയും. ഒപ്പം തൊഴില്‍ കണ്ടെത്തുകയും ചെയ്യാം. ആ പ്രവര്‍ത്തനം മാതൃകാപരമായി പുരോഗമിക്കുന്നുണ്ടെന്ന് യശസ്വിനി കൂട്ടിച്ചേര്‍ത്തു.
Discussion about this post