ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ കന്‍റി വനപ്രദേശത്തെ ഗ്രാമത്തിലെ കേസരി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.
ജമ്മു കശ്മീരിലെ കന്‍റി വനമേഖലയില്‍ തീവ്രവാദികളുടെ ഒരു സംഘത്തെ സേന വളഞ്ഞിരിക്കുകയാണെന്ന് സൈന്യത്തിന്‍റെ പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. തീവ്രവാദികളുടെ ഒരു സംഘത്തെ പുറത്തുചാടിക്കാന്‍ സൈന്യം രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടയിലാണ് സൈന്യത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേരത്തെ ജമ്മു മേഖലയിലെ ഭട്ടാ ധുരിയനിലെ ടോട്ടാ ഗലി പ്രദേശത്ത് വെച്ച് സേനയുടെ ഒരു ട്രക്കിനെ പതിയിരുന്ന് ആക്രമിച്ചവരാണ് ഈ തീവ്രവാദിസംഘം.
കാന്‍റി വനമേഖലയില്‍ ഈ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം അറിഞ്ഞ് മെയ് 3നാണ് സൈന്യം സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ ഒരു ഗുഹയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. നിറയെ ചെടികള്‍ വളര്‍ന്നുനിര്‍ക്കുന്നതിനാലും ചെങ്കുത്തായ കയറ്റം ഉള്ളതിനാലും ഈ ഗുഹയിലേക്ക് എത്തിപ്പെടുക ദുഷ്കരമാണ്.
ഈ ഗുഹയിലേക്ക് നീങ്ങുകയായിരുന്ന ദൗത്യസംഘത്തിനെതിരെ പൊടുന്നനെ തീവ്രവാദികള്‍ നിറയൊഴുക്കുകയായിരുന്നു. സൈന്യം തിരിച്ച് വെടിവെച്ചു. പരിക്കേറ്റവരെ ഉദംപൂരിലെ കമാന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും സൈന്യം ഗുഹയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ വധിക്കാനുള്ള ശ്രമം തുടരുകയാണ്.
തുടര്‍ച്ചയായി തീവ്രവാദികള്‍ വന്നുപോകുന്ന ഇടമാണ് കന്‍റി വനപ്രദേശത്തെ ഗുഹകള്‍. 2022 ആഗസ്തില്‍ ഇവിടെ ബുധല്‍ പ്രദേശത്ത് പര്‍ഗലില്‍ സേനാക്യമ്പിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് സൈന്യം രണ്ട് തീവ്രവാദികളെ പിടികൂടാന്‍ വേണ്ട വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അവര്‍ ഇടതൂര്‍ന്ന കാടിന്‍റെ മറപിടിച്ച് രക്ഷപ്പെടുകയായിരുന്നു.
Discussion about this post