പ്രയാഗ്‌രാജ്: ജ്ഞാന്‍വാപി സമുച്ചയത്തില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍ണയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യോട് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങും ശാസ്ത്രീയ പരിശോധനയും നിരസിച്ചുകൊണ്ടുള്ള ഒക്‌ടോബര്‍ 14ന്റെ വാരാണസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജിയിലാണ് നിര്‍ദേശം.
ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ് സാധ്യമല്ലെന്നും അതിന്റെ മുകള്‍ഭാഗമായ ബൈന്‍ഡറില്‍ മാത്രമേ കാര്‍ബണ്‍ ഡേറ്റിങ് നടത്താനാവൂ എന്നും എഎസ്ഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു. നേരിട്ടുള്ള കാര്‍ബണ്‍ ഡേറ്റിങ് സാധ്യമല്ലെങ്കിലും, ചുറ്റുമുള്ള വസ്തുക്കളുടെ പ്രോക്സി ഡേറ്റിങ് ഉപയോഗിച്ച് കാലപ്പഴക്കം കണ്ടെത്താനാകുമെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി.
ജ്ഞാന്‍വാപി പരിസരത്ത് ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭക്തര്‍ കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെട്ട് വാരാണസി കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഒക്ടോബര്‍ 14 ന് വാരാണസി കോടതി തള്ളി. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജി നവംബര്‍ നാലിന് അലഹബാദ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
കാര്‍ബണ്‍ ഡേറ്റിങ്, ജിപിആര്‍, ഉത്ഖനനം, മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ അന്വേഷണം നടത്തിയാല്‍ ശിവലിംഗത്തിന്റെ പ്രായം, സ്വഭാവം, മറ്റ് പ്രസക്തവിവരങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കാനാവുമോ എന്നതിനെക്കുറിച്ച് അഭിപ്രായം സമര്‍പ്പിക്കാന്‍ എഎസ്ഐ ഡയറക്ടര്‍ ജനറലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post