ശ്രീനഗര്‍: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 യോഗത്തിലും ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ട് ഹിറ്റ്. തിങ്കളാഴ്ച നടന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. യോഗത്തില്‍ നടന്‍ രാംചരണും പങ്കെടുത്തിരുന്നു.
കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ. ബോക്കിനൊപ്പമാണ് രാംചരണ്‍ ജി 20 യോഗത്തില്‍ നൃത്തം വെച്ചത്. കൊറിയന്‍ അംബാസിഡറെ രാംചരണ്‍ പാട്ടിന്റെ സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയവും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 1986 മുതല്‍ തനിക്ക് ഈ നാടുമായി ബന്ധമുണ്ടെന്ന വേദിയില്‍ പറഞ്ഞ രാംചരണ്‍ തന്റെ അനുഭവങ്ങളും പങ്കുവെച്ചു. ഗുല്‍മാര്‍ഗിലും സോനാമാര്‍ഗിലുമായി തന്റെ പിതാവ് ചിരഞ്ജീവി വളരേയധികം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. കശ്മീര്‍ ഇന്ന് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നതിനായാണ് ശ്രീഗറില്‍ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടത്തിയത്. ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, കേന്ദ്ര സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദ് എന്നിവരെ കൂടാതെ അറുപതിലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post