ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ സ്ഥാപിച്ചു. നിലവിളക്ക് കൊളുത്തിയാണ് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ശേഷം ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി സർവ്വമത പ്രാർത്ഥന ആരംഭിച്ചു.
ഇന്ത്യൻ ജനാധ്യപത്യത്തിനും ഇന്ത്യയുടെ ചരിത്രത്തിനും നിർണായകമായ നിമിഷമാണ് പാർലമെൻ്‌റ് മന്ദിരത്തിൽ കഴിഞ്ഞ ഒരു മണിക്കൂറിൽ നടന്നത്. തമിഴ്നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതർ,പാർലമെന്റ് നിർമ്മാണ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിർമ്മാണ തൊഴിലാളികളുടെ പ്രതിനിധികളെ ഈ അവസരത്തിൽ പ്രധാനമന്ത്രി ആദരിച്ചു.
ആദ്യ ഘട്ടത്തിലെ ഉദ്ഘാടന ചടങ്ങിന് ശേഷം ഉച്ചയ്‌ക്ക് 12-ന് ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട പരിപാടികൾ ആരംഭിക്കും. രാജ്യസഭാ ഉപാദ്ധ്യക്ഷൻ സ്വാഗതം പറയും. രണ്ട് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെയും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ വായിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തോടെ ഉച്ചകഴിഞ്ഞ് 2.30-ന് പരിപാടികൾ സമാപിക്കുന്നതാണ്.
Discussion about this post