ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ചയിലുള്ള അരുവിയിലേക്ക് മറിഞ്ഞ് പത്തു പേര് മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണര്‍ അവ്നി ലവാസ പറഞ്ഞു. എട്ടുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ ജമ്മു താഴ്വരയിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ജമ്മു ജില്ലയിലെ കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ജജ്ജാര്‍ കോട്ലിക്ക് സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പാലത്തില്‍ നിന്ന് തെന്നി ബസ് മലയിടുക്കിലെ അരുവിയിലേക്ക് മറിയുകയായിരുന്നു.
അമൃത്സറില് നിന്ന് കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ലഖിസരായില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ കൂടുതലായും ഉണ്ടായിരുന്നത്. അപകടകാരണത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തുമെന്ന് ജമ്മു സീനിയര്‍ എസ്പി ചന്ദന്‍ കോഹ്ലി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം ബസിനു പിന്നിലുണ്ടായ എന്തോ ആഘാതത്തെത്തുടര്‍ന്നാണ് നിയന്ത്രണം നഷ്ടമായതെന്ന് യാത്രക്കാരിലൊരാളായ രവീന്ദര്‍ പാണ്ഡെ പറഞ്ഞു.
Discussion about this post