വെള്ളൂര്‍(തമിഴ്‌നാട്): ചിദംബരം നടരാജര്‍ ക്ഷേത്രത്തിന് പിന്നാലെ ചരിത്രപ്രസിദ്ധമായ വെള്ളൂര്‍ കോട്ടയ്ക്കുള്ളിലെ അരുള്‍മിഗു ജലകണ്‌ഠേശ്വരക്ഷേത്രത്തിലും തമിഴ്‌നാട് സര്‍ക്കാരിന്റെ കൈയേറ്റം. താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ ആന്‍ഡ് സിഇ ഉദ്യോഗസ്ഥര്‍ എത്തിയതിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം.
കാട്പാടിയില്‍ 500 വര്‍ഷം പഴക്കമുള്ള മലയോര ക്ഷേത്രം ഏറ്റെടുത്തുവെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. കാട്പാടി 55 പുത്തൂരിലെ അശരിരി കുന്നിന്‍ മുകളിലുള്ള മുരുകന്‍ ക്ഷേത്രമാണ് സര്‍ക്കാര്‍ നിയോഗിച്ച ട്രസ്റ്റികളെന്ന് അവകാശപ്പെട്ടവര്‍ കൈയേറാനെത്തിയത്. ക്ഷേത്ര പൂജാരി നീലവര്‍ണത്തോട് അവര്‍ താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെയൊരു ട്രസ്റ്റിനെപ്പറ്റി ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നീലവര്‍ണം പറഞ്ഞു.
‘ഞങ്ങള്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്തുകള്‍ അയച്ചു, പക്ഷേ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. അതിനാല്‍, ക്ഷേത്രത്തിന്റെ നടത്തിപ്പ് തുടരും. താക്കോല്‍ സര്‍ക്കാരിന് കൈമാറില്ല, അദ്ദേഹം പറഞ്ഞു.
ഡിഎംകെ നേതാക്കളുമായി അടുപ്പമുള്ള മൂന്നുപേരെയാണ് ട്രസ്റ്റിമാരായി നിയമിച്ചിരിക്കുന്നത്. ഡിഎംകെ സര്‍ക്കാരിനെതിരെ കാട്പാടിയില്‍ വലിയ ബഹുജന പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. തുടര്‍ന്ന് കാട്പാടി താലൂക്ക് ഓഫീസില്‍ രണ്ട് തവണ സമാധാന സമിതി യോഗം ചേര്‍ന്നെങ്കിലും പരിഹാരമായില്ല.
Discussion about this post