കൊൽക്കത്ത: അക്രമപരമ്പരയ്‌ക്കിടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കലാപം നിയന്ത്രിക്കുന്നതിന് ‘സഞ്ചരിക്കുന്ന രാജ്ഭവൻ’ നിരത്തിലിറങ്ങിയതോടെ പരാതിപ്രവാഹവുമായി സ്ഥാനാനാർത്ഥികളും സമ്മതിദായകരും.
ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ജനക്കൂട്ടവും സംഘർഷസാധ്യതയും കാണുന്നിടത്തൊക്കെ ഗവർണർ വാഹനം നിർത്തി ജനങ്ങളെ കേൾക്കുകയും അപ്പപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് നിർദേശം നൽകുകയും ചെയ്തു. അതോടെ തിരഞ്ഞെടുപ്പ്പോ കമ്മീഷനും പൊലീസും കേന്ദ്രസേനയും കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കലാപകലുഷിതമായ നോർത്ത് 24 പർഗാനാസ്, നാദിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസുദേവ്പൂർ എന്ന സ്ഥലത്ത് സിപിഎം സ്ഥാനാര്ഥികളുൾപ്പെട്ട ജനക്കൂട്ടം ഗവർണറുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തി, തങ്ങളെ വോട്ടുചെയ്യാനനുവദിക്കുന്നില്ലെന്നും മർദ്ദിക്കുന്നുവെന്നും പരാതിപ്പെട്ടു. അപ്പോൾത്തന്നെ ഗവർണർ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥരടക്കമുള്ളവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് അടിയന്തര നിർദേശം നൽകി.
രാജ്ഭവനിൽ തുറന്ന ‘പീസ് റൂമി’ലേക്കും ‘ദ്രുത പരാതിപരിഹാര സെല്ലി’ലേക്കും വരുന്ന പരാതിപ്രവാഹത്തിന് പരിഹാരം കാണാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവവികാസം. ഗവർണറുടെ നിർദേശങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിച്ചതോടെയാണ് ഗവർണർ നേരിട്ടിടപെടാൻ നിർബന്ധിതനായത്. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുന്നതിന്തെ അന്തരീക്ഷമൊരുക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗവർണർ ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലൂടെയാണ് രാജ്ഭവൻ പ്രധാനമായും സഞ്ചരിക്കുന്നത്.
സംസ്ഥാനത്ത് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്. നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന് കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്.
Discussion about this post