ന്യൂദല്‍ഹി: പൊതുസിവില്‍ നിയമം സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ സമൂഹം കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം ആഹ്വാനം ചെയ്തു. ഗോത്രവര്‍ഗ ജനതയെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന്റെ ഭാഗമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് കല്യാണാശ്രമം വൈസ്പ്രസിഡന്റ് സത്യേന്ദ്രസിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വളരെ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കരട് പോലുമാകാത്ത ഒരു ആശയത്തെ കുറിച്ചാണ് ഇത്തരം നീചപ്രചരണം നടക്കുന്നത്. വനവാസി സമൂഹവും അവരുടെ സാമൂഹിക-സാംസ്‌കാരിക സംഘടനകളും ഇത്തരം പ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പോലും വ്യക്തമല്ല. പൊതുസിവില്‍ നിയമം വനവാസി ജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും ജീവിതത്തിനും പ്രതികൂലമായി എന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നെങ്കില്‍, അത്തരം ആശങ്കകള്‍ നേരിട്ട് നിയമ കമ്മിഷനു മുന്നില്‍ വയ്ക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ജൂലൈ 14 വരെ ഓണ്‍ലൈനായി രേഖപ്പെടുത്താം. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. അതിനുശേഷമേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരൂ. വനവാസി കല്യാണ്‍ ആശ്രമവും ഇത്തരത്തില്‍ അതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ വനവാസി മേഖലകള്‍ സന്ദര്‍ശിച്ച് പ്രമുഖരുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടണമെന്ന് കല്യാണാശ്രമം നിയമ കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. വനവാസി ജനതയുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ മനസ്സിലാക്കാനും അവരെ ഉള്‍ക്കൊള്ളാനും അത് സഹായിക്കും. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വനവാസി സമൂഹത്തിന്റെ പരമ്പരാഗത സമ്പ്രദായം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് കല്യാണാശ്രമം ചൂണ്ടിക്കാട്ടി. കമ്മിഷന്‍ തിടുക്കത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഒഴിവാക്കണം. നിയമത്തില്‍ നിന്ന് ഗോത്രവര്‍ഗങ്ങളെ ഒഴിവാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റി തലവന്‍ സുശീല്‍ കുമാര്‍ മോദിയുടെ നിലപാടിനെ കല്യാണാശ്രമം സ്വാഗതം ചെയ്യുന്നുവെന്ന് സത്യേന്ദ്രസിങ് പറഞ്ഞു.
Discussion about this post