ന്യൂദല്‍ഹി: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങളുടെയാകെ നിരക്ക് വലിയ തോതില്‍ കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
മണിപ്പൂരിലെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിച്ചോടുകയാണ്. യുപിഎയുടെ കാലത്ത് മണിപ്പൂരില്‍ ആറുമാസമാണ് തുടര്‍ച്ചായിയ അക്രമം ഉണ്ടായതെന്ന് മറക്കരുത്. ഇക്കുറി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം അവിടെ ക്യാമ്പ് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണമെന്താണെന്ന് പ്രതിപക്ഷം ജനങ്ങളോട് പറയണം, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
മണിപ്പൂരിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് രാജസ്ഥാനിലെ ഭീകരവാഴ്ചയെക്കുറിച്ച് മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ബലാത്സംഗക്കേസുകളില്‍ രാജസ്ഥാനാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 22 ശതമാനം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗക്കേസുകളും രാജസ്ഥാനിലാണ് നടന്നത്. മന്ത്രി രാജേന്ദ്രസിങ് ഗൂഢയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്താക്കിയതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
കരൗലി, ജോധ്പൂര്‍, ബിക്കാനീര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ മിണ്ടില്ല. പശ്ചിമ ബംഗാളിലെ കാര്യം പറയുമ്പോള്‍ അവര്‍ വായ പൂട്ടിക്കെട്ടും. ഹൗറയിലും മാള്‍ഡയിലും സ്ത്രീകള്‍ നേരിടുന്ന അപമാനം ഞെട്ടിപ്പിക്കുന്നതാണ്. മമതയുടെ മാതൃസ്‌നേഹം എവിടെയാണ്. മണിപ്പൂരില്‍ മാത്രമേ അത് പൊട്ടിയൊഴുകുകയുള്ളോ എന്ന് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യവും എവിടെ നടന്നാലും കുറ്റകൃത്യമാണ്. ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പരിശോധനാസംഘത്തെ അയയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ? എന്തിനാണ് മണിപ്പൂര്‍ മാത്രം ആയുധമാക്കുന്നത്? കേന്ദ്രസര്‍ക്കാരിന് ഈ സംസ്ഥാനങ്ങളെല്ലാം ഒരുപോലെയാണ്. മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post