ഗുരുഗ്രാം(ഹരിയാന): ശ്രാവണപൂജ തടയാനുള്ള മുസ്ലീം മതമൗലികവാദികളുടെ ആസൂത്രിതനീക്കത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അക്രമികളുടെ കല്ലേറില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. രാത്രി വൈകി നൂഹിലെ അന്‍ജുമാന്‍ മസ്ജിദിന് സമീപം ബിഹാര്‍ സ്വദേശിയായ സാദ്(26) എന്നയാളും മരിച്ചിട്ടുണ്ട്.
ഹരിയാനയിലെ മേവായില്‍ നൂഹ് എന്ന പ്രദേശത്താണ് ശ്രാവണ പൂജയുടെ ഭാഗമായി നടന്ന ബ്രിജ്മണ്ഡല്‍ ജലാഭിഷേക യാത്രയ്ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്തെ വീടുകളുടെ ടെറസുകളില്‍ നിന്നും മറ്റും ശോഭായാത്രയ്ക്കുനേരെ കല്ലേറ് ഉണ്ടായത്. അക്രമത്തില്‍ ഭയന്ന രണ്ടായിരത്തിലധികം ഭക്തജനങ്ങള്‍ക്ക് മേവായ്ക്ക് പുറത്ത് നല്‍ഹാര്‍ മഹാദേവ ക്ഷേത്രത്തില്‍ അഭയം പ്രാപിക്കേണ്ടിവന്നു. തീര്‍ത്ഥാടകരുടെ നാല്പത് വാഹനങ്ങള്‍ വഴിയില്‍ അഗ്‌നിക്കിരയാക്കി. കല്ലേറില്‍ അന്‍പതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഛോട്ടാ പാകിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന മേവായിലൂടെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലീം മതമൗലികസംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശോഭായാത്ര ഒരുകൂട്ടം തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ശോഭായാത്രയ്ക്ക് നേരെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറും കുപ്പിയും പെട്രോള്‍ ബോംബുകളും എറിഞ്ഞത്.
മേവായിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് 57 സെക്ടറിലെ അന്‍ജുമാന്‍ മസ്ജിദ് പരിസരത്ത് സംഘര്‍ഷമുണ്ടായത്. പള്ളിക്കുമുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റാണ് സാദ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നൂഹില്‍ ശ്രാവണപൂജയ്ക്ക് നേരെ അക്രമം നടന്ന വാര്‍ത്ത പരന്നതോടെ ഗുരുഗ്രാമിലും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സോഹ്നയിലെ പ്രക്ഷുബ്ധരായ ജനക്കൂട്ടം നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു. അതേസമയം കഴിഞ്ഞ ദിവസം രാത്രിക്കുശേഷം അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നുഹിലും മറ്റ് സംഘര്‍ഷ പ്രദേശങ്ങളിലും പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഉണ്ടായതെല്ലാം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെവിടില്ല., അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും, ”മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post