ന്യൂദല്‍ഹി: ഹരിയാനയിലെ മേവാത്തില്‍ ശ്രാവണപൂജായാത്രയ്ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ ആസൂത്രിതവും സംഘടിതവുമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണ്. എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ ഏതെങ്കിലും തിങ്കളാഴ്ച മേവാത്തിലെ മഹാഭാരത കാലഘട്ടത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ഭക്തര്‍ ഭഗവാന്‍ ശങ്കരന് ജലാഭിഷേകം നടത്തുന്ന ചടങ്ങുണ്ട്. അതിന്റെ ഭാഗമായി നടന്ന യാത്രയ്ക്കുനേരെയാണ് അക്രമമുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപത്തയ്യായിരത്തോളെ പേര്‍ പങ്കെടുത്ത യാത്ര തുടങ്ങി 15 മിനിട്ട് കഴിയും മുമ്പുതന്നെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നത് കണ്ട് ഭക്തര്‍ പിന്‍വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പിന്നില്‍ നിന്ന് കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് കുറച്ചുപേരെ രക്ഷപ്പെടുത്തി നല്‍ഹാദ് മഹാദേവ ക്ഷേത്രത്തിലെത്തിച്ചത്. അല്പസമയത്തിനകം ആ ക്ഷേത്രത്തിന് മുന്നിലും അക്രമികള്‍ എത്തി.
കാറുകളും ബസുകളും മറ്റ് വാഹനങ്ങളും കത്തിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. മിക്കവാറും എല്ലാ വാഹനങ്ങളും കത്തിനശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് ഭക്തര്‍ക്കും നേരെ നാലുപാടുനിന്നും അക്രമികള്‍ വെടിയുതിര്‍ത്തു. പോലീസ് ഔട്ട്പോസ്റ്റുകളും ക്ഷേത്രങ്ങളും അവര്‍ ആക്രമിച്ചു. അക്രമങ്ങള്‍ ആസൂത്രിതമാണ്. മുഹറത്തിലും രാമനവമിയിലുമൊക്കെ സമാനമായ അക്രമങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഇതിന് പിന്നില്‍ ഒരേ ശക്തികളാണ്. അവരെ നിയന്ത്രിക്കണം.
എന്തായാലും മേവാതിലെ ഹിന്ദുക്കള്‍ക്കും സ്വതന്ത്രമായി ജീവിക്കാനും ആരാധന നടത്താനുമുള്ള അവകാശമുണ്ട്. അത് നേടിയെടുക്കാനായി സമരം ചെയ്യുക തന്നെ ചെയ്യുമെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
Discussion about this post