ഗുരുഗ്രാം(ഹരിയാന): ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നൂഹില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഗുരുഗ്രാമില്‍ ഹിന്ദുസംഘടനകള്‍ മഹാപഞ്ചായത്ത് ചേര്‍ന്നു. ഗുരുഗ്രാമിലെ തിഗര്‍ ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ ഇരുനൂറ് ഗ്രാമങ്ങളില്‍നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും സര്‍പഞ്ചുമാരുമടക്കം 700 പ്രതിനിധികള്‍ പങ്കെടുത്തു.
നൂഹില്‍ മുസ്ലിം മതതീവ്രവാദികള്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദുസംഘടനാപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത പോലീസ് നടപടിയില്‍ മഹാപഞ്ചായത്ത് പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റിലായ യുവാക്കളെ വിട്ടയയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അവരെ മോചിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ ഒരു ലക്ഷത്തിലധികം ഗ്രാമവാസികള്‍ അറസ്റ്റ് വരിക്കുമെന്ന് മഹാപഞ്ചായത്തിനെ അഭിവാദ്യം ചെയ്ത കൗണ്‍സിലര്‍ സുബെ സിങ് വോറ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പരിചയമില്ലാത്തവര്‍ക്കും വീടോ മുറികളോ വാടകയ്ക്ക് നല്കുന്നതില്‍ കരുതല്‍ വേണം. നൂഹിലും ഗുരുഗ്രാമിലും സമാധാന അന്തരീക്ഷം തകര്‍ത്തത് അത്തരക്കാരാണ്. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെക്ടര്‍ 57ല്‍ നിര്‍മാണത്തിലിരിക്കുന്ന മുസ്ലീം പള്ളിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഹിന്ദുസമൂഹം മാത്രം താമസിക്കുന്ന തിഗ്രയില്‍ ഇത്തരമൊരു പള്ളി സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ സര്‍ക്കാരിലെത്തിക്കാന്‍ 101 പേരടങ്ങുന്ന സമിതിക്ക് രൂപം നല്കി. അക്രമസംഭവങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സമിതി നിവേദനം നല്കും.
Discussion about this post