ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ശോഭയാത്രയ്‌ക്കെതിരെ നടന്ന അക്രമസംഭവങ്ങല്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ബന്ധവും. ഹരിയാനയിലും രാജസ്ഥാനിലും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള 12 പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍. വ്യാജപ്രചരണങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച ഇത്തരം ഗ്രൂപ്പുകളെപ്പറ്റി നേരത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവയെ നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അക്രമത്തിന് തുടക്കം കുറിച്ച നൂഹിലും മേവാതിലുമൊക്കെ നൂറ് കണക്കിനാളുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്.
നൂഹിലെ ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നിരവധി പരിപാടികളാണ് ഈ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചിരുന്നത്. ശോഭായാത്ര തടയാനും അക്രമിക്കാനും ഇത്തരം പ്രചാരണങ്ങളിലൂടെ അവര്‍ ആഹ്വാനം ചെയ്തു. കലാപം നടത്തുന്നവര്‍ക്ക് ഇസ്ലാമിക വിശ്വാസികള്‍ പിന്തുണ നല്കണമെന്ന ആഹ്വാനവും അക്രമികള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചുള്ള പോസ്റ്റുകളും ഈ ഗ്രൂപ്പുകളില്‍ കൂടി ധാരാളമായി പുറത്തുവന്നു. കലാപത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ഈ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നുഹ് എസ്പി നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു.
.പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നൂഹിലെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. .ഭൂരിഭാഗം ചാറ്റുകളും ഇല്ലാതാക്കിയെങ്കിലും അവ ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ അക്കൗണ്ടുകളില്‍ നിന്ന് അക്രമത്തിന്റെ വീഡിയോകള്‍ കിട്ടിയിട്ടുണ്ട്, ബിജാര്‍നിയ പറഞ്ഞു.
പോലീസിന് പിന്നാലെ ദേശീയ സുരക്ഷാ ഏജന്‍സികളും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അല്‍വാര്‍, ഭരത്പൂര്‍ ജില്ലകളിലെ കാര്യമായി ഫോളോവേഴ്‌സുള്ള സമാനമായ അക്കൗണ്ടുകള്‍ രാജസ്ഥാന്‍ പോലീസും പരിശോധിക്കുന്നുണ്ട്.
Discussion about this post