ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമൃതി കുടീരത്തിലെത്തി പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ എന്നിവരും രാഷ്‌ട്രപതിയെ അനുഗമിച്ചു.
വാജ്‌പേയിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും വിവേകവും സദ്ഭരണത്തിലുള്ള ശ്രദ്ധയും നിർണായകമായ കാലഘട്ടത്തിൽ ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിച്ചതായി ഉപരാഷ്‌ട്രപതി പ്രതികരിച്ചു. അദ്ദേഹത്തിന്റെ മഹത്വം ഏവർക്കും പ്രചോദനം പകരുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിലും 21-ാം നൂറ്റാണ്ടിന്റെ വിശാലമായ തലങ്ങളിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാവാണ് വാജ്‌പേയി എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിച്ചു. അടൽജിയുടെ പുണ്യതിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോൾക്കൊപ്പം ഞാനും പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശക്തമായ ഇച്ഛാശക്തിയോടെ സദ്ഭരണത്തിന് അദ്ദേഹം അടിത്തറയിട്ട നേതാവാണ് അടൽ ബിഹാരി വാജ്‌പേയി എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. പ്രത്യയശാസ്ത്രത്തിലും തത്വങ്ങളിലും അധിഷ്ഠിതമായി രാഷ്‌ട്രസേവനം നടത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പൊഖ്‌റാനിലൂടെ ഇന്ത്യയുടെ ശക്തിയെ അദ്ദേഹം ലോകത്തിന് മുഴുവൻ പരിചയപ്പെടുത്തി. പാർട്ടിയെ ശൂന്യതയിൽ നിന്നും ഉന്നതിയിൽ എത്തിച്ച നേതാവാണ് അദ്ദേഹമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
Discussion about this post