ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചാല്‍ അത് തന്റെ ജീവിതത്തിലെ ധന്യമായ നിമിഷമായിരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ. ബോക്. തന്റെ ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജി 20 ഉച്ചകോടിക്കിടെയുള്ള സംഭാഷണത്തില്‍ പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാജകുമാരിയെ ദക്ഷിണകൊറിയന്‍ രാജാവ് വിവാഹം കഴിച്ചുവെന്ന കഥയ്ക്ക് രാമായണകാലത്തിന്റെ പഴക്കമുണ്ടെന്നും അയോധ്യ തങ്ങള്‍ക്ക് പവിത്ര നഗരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഈ കാലയളവില്‍ അംബാസഡറായിരിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ശ്രീരാമക്ഷേത്രത്തിന്റെ സമര്‍പ്പണച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും പോകും, ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ ഭാഗ്യമായി കരുതും. ഭാരതത്തില്‍ നിന്നുള്ള ഒരു വിളിക്കായി കാത്തിരിക്കുകയാണ്, ചാങ് പറഞ്ഞു.
ശ്രീരാമക്ഷേത്രം ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് ചാങ് ജെ ബോക് കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഭഗവാന് ശ്രീരാമന്റെ ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാംലല്ലയുടെ ജന്മസ്ഥലം കാണാന്‍ അവര്‍ കൊതിക്കുന്നു. രാമക്ഷേത്രത്തിന്റെ സമര്‍പ്പണച്ചടങ്ങുകള്‍ക്കായി ഭാരത സര്‍ക്കാര്‍ വലിയ തോതില്‍ നടത്തുന്ന ഒരുക്കങ്ങള്‍ എല്ലായിടത്തും ചര്‍ച്ചയാണ്, ചാങ് പറഞ്ഞു.
Discussion about this post