ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സാംസ്കാരിക മേളയിൽ പാട്ട് പാടാനായി എത്തിയ ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയെയാണ് ഇറക്കി വിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സദസ്സിലുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിക്കുകയും മറുപടിയായി സ്റ്റേജിലുണ്ടായിരുന്ന വിദ്യാർത്ഥി മൈക്ക് എടുത്ത് അത് വിളിക്കുകയും ചെയ്തതാണ് സംഭവം. താമസിയാതെ, മുഴുവൻ ഓഡിറ്റോറിയവും ചേരുകയും കോറസിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇത് കണ്ട അദ്ധ്യാപിക ഇരിപ്പിടത്തിൽ നിന്നും രോഷാകുലയായി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വേദിയ്‌ക്കരികിൽ എത്തി ജയ് ശ്രീറാം വിളിച്ചതിന് വിദ്യാർത്ഥിയോട് കയർത്തു. തുടർന്ന് വേദിയിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട വിദ്യാർത്ഥി പാട്ട് പാടാതെ വേദി വിടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ധ്യാപികയെ പിരിച്ച് വിടണം എന്നാണ് ഉയരുന്ന ആവശ്യം.
Discussion about this post